കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട കേസിൽ ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ല ചന്ദ്രനെതിരേയും അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചതായി സൂചന. എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി.ജോർജ് തന്റെ കീഴിലുള്ള ആർടിഎഫ് സ്ക്വാഡ് അംഗങ്ങളെ ആലുവ ഡിവൈഎസ്പിക്കായിരുന്നു വിട്ടുകൊടുത്തത്.
മുൻ എസ്പിയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത ശേഷം ഡിവൈഎസ്പി, എസ്പിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കസ്റ്റഡി മർദനത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ റിപ്പോർട്ടിൽ യഥാർഥ പ്രതികളെയാണ് അറസ്റ്റു ചെയ്തതെന്നാണു പറഞ്ഞിരിക്കുന്നതെന്നാണു വിവരം.
ഇതു വിശ്വസിച്ചാണു മാധ്യമങ്ങൾക്കു മുന്നിൽ പോലും പോലീസിനെ എസ്പി ന്യായീകരിച്ചതെന്നാണു മൊഴി ലഭിച്ചത്. വരാപ്പുഴ ദേവസ്വംപാടത്ത് നടന്ന പ്രശ്നങ്ങളുടെ രൂക്ഷത സംബന്ധിച്ച് മേലുദ്യോഗസ്ഥനു കൃത്യമായ വിവരം നൽകാൻ കഴിഞ്ഞില്ലെന്ന ആരോപണവും ഡിവൈഎസ്പിക്കെതിരേയുണ്ടെന്നാണ് സൂചന.
എന്നാൽ, ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. നിരവധി ഉദ്യോസ്ഥരിൽനിന്നു കേസിൽ മൊഴിയെടുത്തിട്ടുണ്ട്. ഇതെല്ലാം കൃത്യമാണെന്ന് ഉറപ്പിക്കാതെ കൂടുതൽ അറസ്റ്റു നടത്താനോ പ്രതിപ്പട്ടിക വിപുലീകരിക്കാനോ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.