വരാപ്പുഴ: ദേശീയപാത വരാപ്പുഴ പാലത്തിന് മുകളിൽനിന്നു കായലിലേക്ക് സാമൂഹ്യ വിരുദ്ധർ അറവു മാലിന്യം തള്ളുന്നത് പതിവാകുന്നു. ശനിയാഴ്ച രാത്രിയിൽ പാലത്തിൽനിന്നു കായലിയിലേക്കു തള്ളിയ കോഴിവേസ്റ്റിൽ കുറെപാലത്തിന്റെ കൈവരിയിൽ തൂങ്ങിക്കിടക്കുകയും കുറച്ച് കൈവരിക്കുതാഴെ റോഡരികിൽ ചിതറിക്കിടക്കുന്ന നിലയിലുമാണ്.
ഇതു കൂടാതെ മാടുകളുടെ അറവു മാലിന്യങ്ങളും ഇവിടെ കൊണ്ടു വന്നു തള്ളുന്നതായി പരിസരവാസികൾ പറയുന്നു. ഇതൂമൂലം ഇവിടെ വലിയ തോതിലുള്ള ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വൻതോതിൽ കായലിലേക്ക് മാലിന്യം തള്ളുന്നതു മൂലം ഇവിടുത്തെ ജലം മലിനമായി ദുർഗന്ധം വമിക്കുന്ന നിലയിലാണ്.
രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കി വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നു പതിവാണെന്ന് നാട്ടുകാർ പറയുന്നു. പല തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പാലത്തിന് മുകളിൽ കാമറകൾ സ്ഥാപിക്കാത്തതും മാലിന്യം തള്ളാൻ സാമൂഹ്യ വിരുദ്ധർക്ക് വളരെ എളുപ്പമാണെന്ന് പ്രദേശവാസികൾ പറയുന്നു.
വരാപ്പുഴ പാലത്തിന് മുകളിൽ കാമറകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടണമെന്നും പ്രദേശങ്ങളിൽ നെറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ പറയുന്നു.