കൊച്ചി: വരാപ്പുഴ ശ്രീജിത്ത് ചവിട്ടിക്കൊലക്കേസിലെ വിചാരണ നടപടികള്‍ വിചാരണ കോടതി ആരംഭിച്ചു. ഇന്നു ഹാജരാകണമെന്നാവശ്യപ്പെട്ടു പ്രതികൾക്കു സമന്‍സ് അയച്ചിരുന്നു.
വരാപ്പുഴ എസ്ഐയായിരുന്ന ദീപക്ക്, റൂറല്‍ എസ്പിയുടെ പ്രത്യേക ടീമിലുണ്ടായിരുന്ന സുമേഷ്, ജിതിന്, സന്തോഷ് എന്നിവരുള്‍പ്പെടെ ഒമ്പതു പ്രതികള്‍ക്കാണ് സമന്‍സ് അയച്ചത്.
ഈ കേസില്‍ 2019 ഡിസംബര്‍ 16നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറവൂര്‍ നന്ത്യാട്ടുകുന്നിലെ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ തുടങ്ങിയിരുന്നില്ല.
ഒമ്പതുതവണ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും നടപടി പൂര്‍ത്തിയാക്കി സെഷന്‍സ് കോടതിക്ക് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ജനുവരി 19നു ശേഷം പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികള്‍ തുടങ്ങും.
2018 ഏപ്രിലിലാണ് വരാപ്പുഴ ദേവസ്വം പാടത്ത് ഷേണായ് പറമ്പില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഒൻപത് പോലീസുദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിലുണ്ട്. ശ്രീജിത്ത് കൊല്ലപ്പെട്ടതു ബൂട്ട് ധരിച്ച കാലുകൊണ്ടുള്ള മര്‍ദനമേറ്റാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
അടിവയറ്റിലേറ്റ ആഘാതത്തില്‍ ചെറുകുടല്‍ അറ്റുപോയതു മരണത്തിനു കാരണമായി. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വീട്ടിലും പോലീസ് വാഹനത്തിലും പിന്നീട് സ്റ്റേഷനിലും മര്‍ദനമേറ്റു. ചെറുകുടലിനേറ്റ അണുബാധ മറ്റ് ആന്തരീകാവയവങ്ങളെയും ബാധിച്ചു.
ആളുമാറിയാണു ശ്രീജിത്തിനെ പിടികൂടിയതെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതു മറയ്ക്കാന്‍ വ്യാജരേഖ ചമയ്ക്കാനും ആരോപണവിധേയരുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാം എഎസ്ഐമാരായ സി.എന്‍. ജയദേവന്, സന്തോഷ് ബേബി, കോണ്‍സ്റ്റബിള്‍മാരായ പി.ആര്.ശ്രീരാജ്, ഇ.ബി. സുനില്‍കുമാര്‍ എന്നിവരാണു മറ്റു പ്രതികള്‍. ന്യായമായ തടങ്കല്‍, കൃത്യനിര്‍വഹണത്തിലുള്ള വീഴ്ച എന്നിവയാണു കേരള പോലീസ് ആക്ട് പ്രകാരം പ്രതികള്‍ക്കെതിരേ ചുമത്തിയ മറ്റു കുറ്റങ്ങള്‍.
ശ്രീജിത്തിനേറ്റ ആന്തരിക ക്ഷതങ്ങളുടെ ശാസ്ത്രീയമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഗുരുതരമായ പരുക്കുണ്ടെന്നു വ്യക്തമായിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതു വീഴ്ചയാണെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടിയിരുന്നു.
രേഖകളില്‍ കൃത്രിമം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്കു കൂട്ടുനിന്നതിനും കസ്റ്റഡി നടപടികള്‍ കൃത്യമായി പാലിക്കാതിരുന്നതിനുമാണു ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാം പ്രതിയായത്.
2018 ഏപ്രില്‍ ഒൻപതിനാണു വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വരാപ്പുഴയിലുണ്ടായ അക്രമങ്ങളെ തുടര്‍ന്നു വയോധികന് ആത്മഹത്യ ചെയ്ത സംഭവം പ്രതികള്‍ക്കെതിരേ ജനരോക്ഷമുണ്ടാക്കി.
ഇതേ തുടര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ റൂറല്‍ എസ്പി രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) അംഗങ്ങളെ വരാപ്പുഴയില്‍ നിയോഗിച്ചത്.