കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്തെ വീടാക്രമണക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. കസ്റ്റഡിയിൽ ലഭിച്ച വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വിബിൻ, കുഞ്ഞാത്തുപറന്പിൽ കെ.ബി. അജിത്ത്, മദ്ദളക്കാരൻ തുളസീദാസ് എന്ന ശ്രീജിത്ത് എന്നിവരിൽനിന്നാണ് അന്വേഷണ സംഘം മൊഴിയെടുക്കുക.
കോടതിയിൽ കീഴടങ്ങിയ പ്രതികളെ മൂന്നു ദിവസത്തേക്കാണു ആലുവ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. വീടാക്രമണക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ഇവരെ 11ന് രാവിലെ 11 ന് മുന്പായി തിരികെ കോടതിയിൽ ഹാജരാക്കണം. ഇതിനു മുന്പായി കേസുമായി ബന്ധപ്പെട്ട് വിശദമായ മൊഴിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.
അതേസമയം, ഇടതു കാലിന്റെ സ്വാധീനം നഷ്ടമായതിനെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്ന വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറന്പിൽ വിജയന്റെ മകൻ ശ്രീക്കുട്ടൻ (32) കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ്.
പോലീസ് മർദനത്തിൽ പരിക്കേറ്റതിനെത്തുടർന്നാണു ഇടതുകാൽ തളർന്നുപോയതെന്നും ചികിത്സാ ചെലവ് ഉൾപ്പെടെ സർക്കാർ വഹിക്കണമെന്നും കാട്ടിയാകും പരാതി നൽകുക. ഇതിനിടെ, ശ്രീക്കുട്ടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുന്നതു സംബന്ധിച്ച് ആശുപത്രി വൃത്തങ്ങൾ ഇന്നു തീരുമാനമെടുക്കും.
ഇന്നലെ നടത്തിയ പരിശോധനയിൽ നടുവിനേറ്റ പ്രഹരത്തിൽ ഞരന്പുകൾക്കു ക്ഷതം സംഭവിച്ചതാണു കാലിന്റെ തളർച്ചയ്ക്കു കാരണമെന്നു ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എംആർഐ സ്കാനിംഗിനും മറ്റ് പരിശോധനകൾക്കും ശേഷം ഇന്നലെ രാത്രിയോടെയാണു ഞെരന്പുകൾക്കു ക്ഷതം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ ബന്ധുക്കളെ അറിയിച്ചത്.
ഇന്ന് ഉച്ചയോടെ നടത്തുന്ന കൂടുതൽ കൂടിയാലോചനകൾക്കുശേഷമാകും ശസ്ത്രക്രിയ സംബന്ധിച്ചു ഡോക്ടർമാർ അന്തിമ തീരുമാനമെടുക്കുക. ഇന്നലെ ഉച്ചയോടെയാണു കാലിനു സ്വാധീനക്കുറവുമായി ശ്രീക്കുട്ടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്.