മലക്കപ്പാറ: വാൽപ്പാറ വരട്ട്പാറ എസ്റ്റേറ്റിലെ കാപ്പിതോട്ടത്തിൽ പുലി മ്ലാവിനെ കൊന്ന് മരക്കൊന്പുകൾക്കിടയിൽ വച്ചു.ഏകദേശം ഒരു വയസ് പ്രായമുള്ള മ്ലാവിനെയാണ് പുലി മരത്തിനു മുകളിലേക്ക് കയറ്റി വച്ചത്.ഏകദേശം പതിനഞ്ചടിയോളം ഉയരത്തിലുള്ള മരക്കൊന്പുകൾക്കിടയിലാണ് മ്ലാവിനെ തൂക്കിയിട്ടിരിക്കുന്നത്.ഇന്നലെ രാവിലെ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്.തുടർന്ന് വനപാലകരേയും എസ്റ്റേറ്റ് അധികൃതരേയും വിവരമറിയിച്ചു.
വാൽപ്പാറ റെയിഞ്ച് ഓഫീസർ ശക്തിവേലിന്റെ നേതൃത്വത്തിൽ വനപാലകരെത്തി. പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി ക്യാമറകൾ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു.
എന്നാൽ പുലികളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. തോട്ടം മേഖലയിൽ പലഭാഗങ്ങളിലും തുടർച്ചയായി പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടതിനാൽ കുട്ടികളെ ഒറ്റക്ക് പുറത്ത് വിടരുതെന്ന് വനപാലകർ ആവശ്യപ്പെട്ടു.