മൂന്നാർ: സന്ദർശവിലക്കു നീങ്ങി. രാജമലയിലേക്കു സഞ്ചാരികൾ ഒഴുകിത്തുടങ്ങി. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ഫെബ്രുവരിയിൽ അടച്ചിട്ട പാർക്ക് ബുധനാഴ്ചയാണ് തുറന്നത്. അന്നുമുതൽ നൂറുകണക്കിനാളുകളാണു രാജമലയിലെത്തിയത്.
ഏപ്രിൽ ആദ്യ വാരം പതിവായി തുറക്കുമെങ്കിലും ഗർഭാവസ്ഥയിൽ വരയാടുകളെ കണ്ടെത്തിയതോടെ പാർക്ക് തുറക്കുന്നത് 25 ലേക്കു മാറ്റുകയായിരുന്നു.
മൂന്നാർ ടൗണിലെ വനം വകുപ്പിന്റെ ഓഫീസിലും ടിക്കറ്റ് കൗണ്ടറുകൾ തുറന്നിരുന്നു. പുലർച്ചെ ആദ്യമെത്തുന്നവർക്ക് 11 മണി വരെ ടിക്കറ്റുകൾ ലഭിക്കും. ഇവർക്ക് രാജമലയിൽ ക്യൂ നിൽക്കേണ്ടതില്ല.
രണ്ടാഴ്ചയ്ക്കുള്ളിൽ വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. പുതുതായി പിറന്ന വരയാട്ടിൻ കുട്ടികളുടെ എണ്ണം നൂറു കടന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ വരയാട്ടിൻ കുട്ടികൾ പിറന്നത്.
വരയാടുകളുടെ അപൂർവത കണക്കിലെടുത്ത് വനം വകുപ്പ് 1978 മുതലാണ് കണക്കെടുപ്പ് ആരംഭിച്ചത്. നിൽഗിരി ട്രാജസ് ഹൈലോക്രിയൂസ് എന്ന ശാസ്ത്രീയ നാമമുള്ള വരയാടുകൾ ലോകത്തു തന്നെ അപൂർവമായാണുള്ളത്.