
കാലടി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത നിലയിൽ. കാലടി മണപ്പുറത്ത് ലക്ഷങ്ങൾ മുടക്കി വിദേശ നിർമ്മിത മാതൃകയിൽ നിർമിച്ച പള്ളിയുടെ സെറ്റാണ് അക്രമികൾ അടിച്ചു തകർത്തത്.
അതേസമയം, ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) രംഗത്തെത്തി. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്ന് എഎച്ച്പി ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇത് തകർത്തത്തിന്റെയും തകർത്തവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാര്‍ച്ചില്‍ നിര്‍മിച്ച സെറ്റില്‍ ലോക്ക്ഡൗൺ കാരണം ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു. വയനാട്ടില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളിയുടെ രണ്ടാം ഘട്ട ചിത്രീകരണമാണ് മണപ്പുറത്തെ സെറ്റില്‍ നടക്കേണ്ടിയിരുന്നത്.
അതേസമയം, ക്ഷേത്രം അധികൃതരില്‍ നിന്ന് ഉള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് സെറ്റ് നിര്‍മ്മിച്ചതെന്നും ചിത്രത്തിന്റെ നിർമാതാവ് സോഫിയാ പോള്‍ പറഞ്ഞു.