ചാത്തന്നൂർ: ജനാധിപത്യ സമൂഹത്തിൽ സമന്വയത്തിന്റെയും സമവായത്തിന്റെയും പാത സ്വീകരിക്കാൻ ബാദ്ധ്യതപ്പെട്ട സർക്കാർ പ്രകോപനാത്മകമായ പ്രതികരണങ്ങളിലൂടെ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പാരിപ്പള്ളി വ്യാപാര ഭവനിൽ നടന്ന ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം സംഘർഷ ഭരിതമാക്കുന്ന നടപടികളാണ് ബി.ജെ.പിയും സി.പി.എം തുടരുന്നത്.ശബരി മലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസത്തെ മതപരമായ ധ്രൂവീകരണത്തിനായി ബി.ജെ.പിയും സാമുദായിക ധ്രൂവീകരണത്തിനായി സി.പി.എമ്മും ഉപയോഗിക്കുന്നു.
ഇതിനെതിരെ മതേതര ജനാധിപത്യ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാനാണ് ആർ.എസ്.പി ശ്രമിക്കുന്നതനെന്നും പ്രേമചന്ദ്രൻ പറഞ്ഞു.ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഫിലിപ്പ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സമിതി അംഗം ജി.രാജേന്ദ്രപ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്ലാക്കാട് ടിങ്കു,ജി.രാജേന്ദ്രപ്രാസാദ്, എൻ.രാജൻകുറുപ്പ്, ഡി.സുഭദ്രാമ്മ,വി.ആർ.വിനിൽകുമാർ,തുളസീധരൻ, ജെ.വേണുഗോപാൽ,എസ്.ഉണ്ണികൃഷ്ണപിളള, ഷാലു.വി.ദാസ് , കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ജി.രാജേന്ദ്രപ്രസാദിനെ ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു.നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയെ പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയുമായി അനുബന്ധപ്പെടുത്തി ഉയർത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.