കൊടകര: നാലര പതിറ്റാണ്ടോളം കുട്ടികൾക്കുള്ള ഐസു മിഠായിയുമായി നാടുചുറ്റിയ കൊടകര കൊപ്രക്കളം വടക്കേത്തല വർഗീസ് എന്ന 65 കാരൻ വർഗീസേട്ടൻ ഓർമയായി. വർഗീസേട്ടന്റെ ഐസ് മിഠായി നുണയാത്തവർ കൊടകര, മറ്റത്തൂർ മേഖലയിൽ വിരളമാണ്.
70കളിലും 80കളിലും മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ പഠിച്ചവർക്ക് വർഗീസേട്ടൻ എക്കാലവും മധുരിക്കുന്ന ഓർമയാണ്. ഇന്റർവെൽ മണി മുഴങ്ങുന്പോൾ സൈക്കിളിൽ ഘടിപ്പിച്ച മണി മുഴക്കികൊണ്ട് സ്കൂൾ പരിസരത്ത് നിലയുറപ്പിക്കുന്ന വർഗീസേട്ടന് ചുറ്റും കുട്ടികൾ തിക്കിതിരക്കി നിന്ന കാലമുണ്ടായിരുന്നു.
അവധി ദിവസങ്ങളിൽ നാട്ടിടവഴികളിലൂടെ മണിമുഴക്കി കൊണ്ട് വർഗീസേട്ടന്റെ സൈക്കിൾ കടന്നുപോയിരുന്നു. മധ്യവേനലധിക്കാലത്താണ് ഏറ്റവും കൂടുതൽ ഐസ് ഫ്രൂട്ട് വിൽപ്പന നടന്നിരുന്നത്. ഉത്സവ പറന്പുകളിലും പള്ളിപെരുന്നാൾ ആഘോഷങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇരുപതു വയസുള്ളപ്പോൾ മുതൽ ആരംഭിച്ച ഐസ് ഫ്രൂട്ട് കച്ചവടം രണ്ടാഴ്ച മുന്പു വരേക്കും ഇദ്ദേഹം തുടർന്നു. ഐസ്ക്രീം പ്രചാരത്തിലില്ലാതിരുന്ന എഴുപതുകളിൽ വർഗീസേട്ടനിൽ നിന്ന് ഐസ് വാങ്ങി കഴിച്ചവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും വരെ ഐസ് വിൽപ്പന നടത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിനു ലഭിച്ചു.
കാലവർഷം തുടങ്ങുന്നതിനു തൊട്ടുമുന്പുള്ള ദിവസങ്ങളിലും മറ്റത്തൂരിലെ ഇടവഴികൾ താണ്ടി വർഗീസേട്ടന്റെ ഐസ് ഫ്രൂട്ട് സൈക്കിൾ വണ്ടി എത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം കൊടകര-ആളൂർ റോഡിൽ കൊപ്രക്കളം കിണർ സ്റ്റോപ്പിനു സമീപം വർഗീസ് സഞ്ചരിച്ചിരുന്ന സൈക്കിളിനു പുറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഭാര്യ: ഫിലോമിന. മക്കൾ:ബൈജു(സൗദി ), ബിജി, ബിനി,ജിനി. മരുമക്കൾ: വിൻസൻ, ബിജു, ബൈജു.