വടക്കഞ്ചേരി: മലയോരകർഷകർക്ക് പ്ലാവ് കൃഷിയിൽ ആവേശം പകർന്ന് തൃശൂർ സ്വദേശി വർഗീസ് തരകൻ. സംസ്ഥാനത്തുതന്നെ ആദ്യമായി അഞ്ചേക്കർ കുന്നിൻചെരിവായ സ്ഥലത്ത് ആയിരത്തോളം പ്ലാവിൻതൈ കൃഷി ചെയ്താണ് വർഗീസ് തരകൻ ശ്രദ്ധേയനാകുന്നത്.സംസ്ഥാന സർക്കാർ ചക്കയെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനു വളരെമുന്പു തന്നെ ചക്കയുടെ ഗുണങ്ങൾ മനസിലാക്കി വർഗീസ് തരകൻ അഞ്ചേക്കറിലെ റബർമരങ്ങളെല്ലാം മുറിച്ചുമാറ്റി പ്ലാവ് കൃഷി ആരംഭിച്ചിരുന്നു.
ആറുവർഷവും 12 വർഷവും പ്രായമായിരുന്ന റബർമരങ്ങളാണ് പ്ലാവുകൃഷിക്കായി ഉപേക്ഷിച്ചത്. ആയുർജാക്ക് എന്ന പേരിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്ലാവിൻതൈകളും കൃഷിചെയ്തു. എട്ടടിയോളം ഉയരമുള്ള പ്ലാവിലെല്ലാം ഇപ്പോൾ ചക്കനിറഞ്ഞു കായ്ക്കുന്നുണ്ടെന്ന് വർഗീസ് പറഞ്ഞു. കന്പുനാട്ടിയും കയർകെട്ടിയുമാണ് ചക്കകളെ താങ്ങിനിർത്തുന്നത്.
ഭാര്യ അഡ്വ. സന്ധ്യയുടെ ചേലക്കരയിലുള്ള വീട്ടുവളപ്പിലെ പ്ലാവിൽനിന്നും ബഡ് ചെയ്തെടുത്ത പ്ലാവിൻതൈകളാണ് കുറുമാൽ ധ്യാനകേന്ദ്രത്തിനടുത്തെ കുറുമാൽകുന്നിൽ ഇപ്പോൾ കായ്ഫലമായി നില്ക്കുന്നത്. കുട്ടികാലംമുതലേ കൃഷി ഹരമാണ് വർഗീസ് തരകന്. അതിനായി ചെലവഴിക്കുന്ന പണമോ സമയമോ അധ്വാനമോ അദ്ദേഹം ഗണിച്ചുവയ്ക്കാറില്ല.
അധികമാരും കടന്നുചെല്ലാത്ത വിളകളാണ് പലപ്പോഴും വർഗീസ് തരകൻ കൃഷി ചെയ്യുക. റിസ്ക് കൂടുതലുള്ള കൃഷിയോടെയാണ് ഏറെ താത്പര്യം. ജനത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്ന കൃഷിയാണെങ്കിൽ പിന്നെ ധനനഷ്ടവും പ്രശ്നമല്ല.
മായമോ മാലിന്യമോ കലരാത്ത നൂറുശതമാനവും ജൈവഫലമാണ് ചക്കയെന്ന് ചക്കയെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടി വർഗീസ് തരകൻ പറഞ്ഞു.വീട്ടുവളപ്പിൽ ഒന്നോ രണ്ടോ പ്ലാവുണ്ടായാൽ മതി അതുവഴി ശുദ്ധമായ ഓക്സിജനും രോഗങ്ങളും ഇല്ലാതാകുമെന്നാണ് കണ്ടെത്തൽ.
മംഗലംഡാം സെന്റ് സേവിയോഴ്സ് ഫൊറോനാ ദേവാലയത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തിൽ നടന്ന പ്ലാവിൻതൈ നടീലിന് മറ്റു കർഷകശ്രേഷ്ഠർക്കൊപ്പം എത്തിയതായിരുന്നു വർഗീസ് തരകൻ.
കൃഷിയിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും വിവരശേഖരണവും കൃഷിയിലുള്ള താത്പര്യവും കുടിയേറ്റ കർഷകർക്ക് ഏറെ ആവേശം പകരുന്നതായിരുന്നു. ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ ചക്കവിപ്ലവത്തെ കർഷകശ്രേഷ്ഠർക്കൊപ്പം പ്ലാവിൻതൈ നടാനുണ്ടായിരുന്ന ബിഷപ് മാർ ജേക്കബ് മനത്തോടത്തും ഏറെ അഭിനന്ദിച്ചു.
വീട്ടുവളപ്പിൽ ഒരു പ്ലാവല്ല രണ്ടു പ്ലാവെങ്കിലും നടണമെന്ന് ബിഷപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വാട്ടർ എയർഫുഡ് അവാർഡിന് വർഗീസ് തരകനെ പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡെ·ാർക്കിൽനിന്നുള്ള സംഘം കഴിഞ്ഞദിവസം പ്ലാവിൻതോട്ടത്തിലെത്തിയിരുന്നു. മണ്ണു ജലസംരക്ഷണത്തിനു സംസ്ഥാന സർക്കാരിന്റെ അവാർഡ് വർഗീസ് തരകന് ലഭിച്ചിട്ടുണ്ട്.