ഇരിങ്ങാലക്കുട: കാലം കേൾവി അൽപം പതുക്കെയാക്കി എന്നതൊഴിച്ചാൽ നൂറാം വയസിലും ഗാന്ധിഗ്രാം ആലപ്പാട്ട് വർഗീസ് ആരോഗ്യവാനാണ്. തന്റെ ജീവിതത്തിൽ എത്ര ചെറുപ്രായത്തിൽ സംഭവിച്ച കാര്യങ്ങൾപ്പോലും ഓർമകളിൽ നിന്നെടുത്ത് കൃത്യമായി പറയും.
തന്റെ സ്കൂൾ പഠനകാലവും ബോംബെ, കൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ജീവിതവും വർഷങ്ങൾ ഏറെ ജോലി ചെയതിരുന്ന ഇരിങ്ങാലക്കുട കോന്നി, പ്രഭു തിയ്യറ്ററുകളിലെ വിശേഷങ്ങളും നൂറാം വയസിലും ഓർമയിൽ നിന്നെടുത്തു കിറുകൃത്യമായി പറയുന്പോൾ യുവതലമുറക്ക് നെറ്റിചുളിക്കേണ്ടിവരും.
1918 നവംബറിലാണ് ആലപ്പാട്ട് ദേവസി-മറിയം ദന്പതികളുടെ മൂന്നു മക്കളിൽ മൂത്തവനായി ജനനം. 1947 ജൂലൈ 17 നായിരുന്നു ഇരിങ്ങാലക്കുട കരപറന്പിൽ കുടുംബാംഗമായ റോസിയും തമ്മിലുള്ള വിവാഹം. അഞ്ച് മക്കളാണ് ഉള്ളത്. മൂന്ന് ആണും രണ്ട് പെണ്ണും. രണ്ടാമത്തെ മകനായ പോളിയുടെ കൂടെയാണ് ഇപ്പോൾ താമസം. 11 പേരകുട്ടികളും മക്കളും മരുമക്കളുമായുള്ള സൗഹാർദപരമായ നല്ല കുടുംബ ജീവതം മനസിന് ഏറെ സന്തോഷം തരുന്നുണ്ടെ ന്ന് വർഗീസ് പറഞ്ഞു. 2007 ൽ 83-ാം വയസിൽ ഭാര്യ മരിച്ചു.
മൂന്നര ക്ലാസ് വരെയായിരുന്നു പഠനം. കൽപറന്പ് ബിവിഎം സ്കൂളിലായിരുന്നു പഠനം. ജോലി സംബന്ധ കാര്യങ്ങൾക്കായി പലയിടത്തും പോയതിനാൽ മലയാളം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ് എന്നീ നാലുഭാഷകൾ വശമാക്കിയിട്ടുണ്ട ്. നാട്ടിലെത്തിയ ശേഷം കോനി, പ്രഭു തിയ്യറ്ററുകളിൽ 22 വർഷം ജോലി ചെയ്തിരുന്നു. 1948 ഡിസംബർ 12നാണ് കോന്നി തിയറ്റർ ഉദ്ഘാടനം നടന്നത്. ഈ തിയറ്ററിലെ ആദ്യ ചലചിത്രമായ നാം നാട് എന്ന തമിഴ് സിനിമയും അക്കാലത്ത് ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രദർശനം നടന്ന സത്യൻ നായകനായുള്ള ജീവിതനൗക എന്ന സിനിമയിലെ കാര്യങ്ങളും ഇപ്പോഴും ഒാർമകളിൽനിന്നും വിവരിക്കും.
ചിട്ടയായ ജീവിത ശൈലിയും ദൈവഭക്തിയുമാണ് തന്റെ ആയുസ് ദൈർഘ്യത്തിന്റെ രഹസ്യമെന്നാണ് വർഗീസേട്ടന്റെ വിശ്വാസം. പുലർച്ചെ അഞ്ചിന് ഉണരും. കൃത്യം ആറരയ്ക്ക് ഡോണ്ബോസ്കോ പള്ളിയിലെ ഭിവ്യബലിയിൽ പങ്കെടുക്കും. ഗാന്ധിഗ്രാമിൽ നിന്നും നടന്നാണ് ദിവസവും പള്ളിയിലെത്തുക. ഇക്കാര്യത്തിൽ ഇതുവരെയും മുടക്കം വരുത്തിയിട്ടില്ല.
ദിവ്യബലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പ്രഭാത ഭക്ഷണം കഴിച്ച് ദിനപത്ര വായനയാണ്. സായാഹ്നത്തിൽ ഒരുമണിക്കൂർ നടത്തം. ഒഴിവു കിട്ടുന്പോഴെല്ലാം ജപമാല ചൊല്ലുന്ന ശീലം പതിവാണ്. ദിവസവും 15 ലധികം ജലമാല ചൊല്ലും. ടിവി കാണാറില്ല. ആഴ്ചയിൽ രണ്ട ് തവണ എണ്ണതേച്ചുള്ള കുളി മുടങ്ങിയിട്ടില്ല.
ആശുപത്രിയിൽ കിടക്കേണ്ട കാര്യമായ അസുഖങ്ങളൊന്നും ഇത്രയും കാലത്തിനിടക്ക് വന്നീട്ടില്ലെങ്കിലും ആയുർവേദമാണ് പ്രിയം. സ്വന്തമായുണ്ട ായിരുന്ന കൃഷിയിടത്തിൽ എല്ലാ പണികളും ചെയതിരുന്നത് വർഗീസേട്ടൻ തന്നെയായിരുന്നു. മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുത്തതിനും കത്തീഡ്രൽ ഇടവകയിൽ പ്രായം കൂടിയ വ്യക്തി എന്ന നിലയിലും ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചീട്ടുണ്ട ്. ഇന്നലെ മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കമായിരുന്നു ദിവ്യബലിയിൽ പങ്കെടുത്തത്. ഗാന്ധിഗ്രാം ദേവമാത കുടുംബയൂണിറ്റിൽ നടന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഡോ. ആന്റു ആലപ്പാടൻ പൊന്നാടയണിയിച്ച് പ്രത്യേകം അനുമോദിച്ചു.