കൽപ്പറ്റ: തിരുനെല്ലി വനത്തിലെ കൂന്പാരക്കൂനിയിൽ 1970 ഫെബ്രുവരി 18നു പോലീസ് വെടിവച്ചുകൊന്ന വെള്ളമുണ്ട ഒഴുക്കൻമൂല അരീക്കാട്ട് വർഗീസ് എന്ന നക്സൽ വർഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു ബന്ധുക്കൾ.
സർക്കാർ അനുവദിക്കാൻ തീരുമാനിച്ച തുകയെ കേവലം നഷ്ടപരിഹാരമായല്ല, വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ കുടുബത്തോടുള്ള ഭരണകൂടത്തിന്റെ പ്രായശ്ചിത്തമായാണ് കാണുന്നതെന്നു വർഗീസിന്റെ സഹോദരപുത്രൻ അഡ്വ.എ. വർഗീസ് പറഞ്ഞു.
മൂവാറ്റുപുഴ വാഴക്കുളത്തുനിന്ന് 1948ൽ ഒഴുക്കൻമൂലയിൽ താമസമാക്കിയ അരീക്കാട്ട് വർക്കി-റോസ ദന്പതികളുടെ ആണ്മക്കളിൽ രണ്ടാമനാണ് പിൽക്കാലത്തു അടിയോരുടെ പെരുമനെന്നു പേരെടുത്ത എ. വർഗീസ്.
കൗമാരവും യുവത്വവും അവിഭക്ത കമ്മ്യൂണിറ്റു പാർട്ടിക്കുവേണ്ടി വിനിയോഗിച്ച വർഗീസ് 1967ഓടെയാണ് നക്സൽ പ്രസ്ഥാനത്തിൽ സജീവമായത്.
തിരുനെല്ലി വനത്തിൽ ഏറ്റുമുട്ടലിനിടെ വർഗീസ് വെടിയേറ്റുമരിച്ചുവെന്ന സർക്കാർ ഭാഷ്യത്തെ കാലം തിരുത്തുകയായിരുന്നു.
തിരുനെല്ലിയിലെ ഒരു കുടിലിൽനിന്നു 1970 ഫെബ്രുവരി 18നു രാവിലെ പിടികൂടിയ വർഗീസിനെ അന്നു വൈകുന്നേരം മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം താൻ നേരിട്ട് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു 1998ൽ രാമചന്ദ്രൻനായർ എന്ന മുൻ പോലീസുകാരനാണ് വെളിപ്പെടുത്തിയത്.
പോലീസ് കസ്റ്റഡിയിൽ വർഗീസ് കൊല്ലപ്പെടുകയായിരുന്നു സത്യം പുറത്തുവന്നതിനു പിന്നാലെയാണ് കുടുംബാംഗങ്ങൾ നഷ്ടപരിഹാരത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റമുട്ടൽ കൊലയ്ക്കു സർക്കാർ ഉത്തരം പറയണമെന്ന ആവശ്യം സംസ്ഥാന വ്യാപകമായി മനുഷ്യാവകാശ പ്രവർത്തകരടക്കം ഉയർത്തിയ പശ്ചാത്തലത്തിലായിരുന്നു നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്യാനുള്ള കുടുംബത്തിന്റെ തീരുമാനം. വർഗീസിന്റെ നാലു സഹോദരങ്ങൾക്കായി കുടുംബാഗം എ. തോമസാണ് കോടതിയെ സമീപിച്ചത്.
2016ൽ സർക്കാർ കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അനവധി ക്രിമിനൽ കേസിൽ പ്രതിയായ ഒരാൾ എങ്ങനെ കൊല്ലപ്പെട്ടാലും അയാളുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിനു അർഹതയില്ലെന്നാണ് സർക്കാർ എതിർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചത്.
ഇതു കേരളത്തിൽ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ചർച്ചയായി. പിന്നീട് നിയമസഭയിൽ സബ്മിഷനുള്ള മറുപടിയിൽ വർഗീസിന്റെ മരണം ഏറ്റുമുട്ടൽ കൊലപാതകമല്ലെന്നും കസ്റ്റഡി മരണമാണെന്നും സർക്കാർ വ്യക്തമാക്കി.
കോടതിയിൽ സത്യവാങ്മൂലം തിരുത്തി നൽകുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു. തിരുത്തിയ സത്യവാങ്മൂലം 2019ൽ സർക്കാർ കോടതിയിൽ സമർപ്പിച്ചു.
കേസ് വിചാരണയിൽ വർഗീസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു സീനിയർ ഗവ.പ്ലീഡർ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തിനു വർഗീസിന്റെ കുടുംബാംഗങ്ങൾക്കു സർക്കാരിനു അപേക്ഷ നൽകാമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
ഇതേത്തുടർന്നു കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുന്പു കുടുംബാംഗങ്ങൾ നൽകിയ നിവേദനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കാനുള്ള സർക്കാർ തീരുമാനം.
വ്യാജ ഏറ്റുമുട്ടൽ കൊലയ്ക്കു നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ തീരുമാനം കസ്റ്റഡി പീഡനങ്ങളും കൊലപാതകങ്ങളും ഭാവിയിൽ കുറയുന്നതിനു വഴിയൊരുക്കുന്നതാണെന്നു ടിയുസിഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു പറഞ്ഞു.