ഭോപ്പാൽ: രാജ്യത്തെ വലിയ വർഗീയ പാർട്ടി കോൺഗ്രസാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തരംതാണ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി. ചിലപ്പോള്‍ അവര്‍ക്ക് മുസ്ലിം വോട്ട് വേണം. ഇടയ്ക്ക് അവര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. നാരങ്ങയുടെയും മുളകിന്റെയും മാല കഴുത്തിലിട്ട് അവര്‍ കറങ്ങി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
90 ശതമാനം മുസ്ലിം വോട്ട് ലഭിച്ചില്ലെങ്കില്‍ തോല്‍ക്കുമെന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ തോല്‍ക്കുന്നതാണ് നല്ലത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു സര്‍ക്കാരിന്റെ പ്രവർത്തനങ്ങളും നയങ്ങളും ദീര്‍ഘവീക്ഷണവും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു-മുസ്ലിം അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് മോശം പ്രവണതയാണ്. കോൺഗ്രസ് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ശിവരാജ് സിംഗ് കുറ്റപ്പെടുത്തി.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുസ്ലിം സംഘടന നേതാക്കളോട് തങ്ങളുടെ 90 ശതമാനം വോട്ടും കോണ്‍ഗ്രസിന് നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് പറയുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി ശിവരാജ് സിംഗ് രംഗത്തെത്തിയത്.