ഷൊർണൂർ: ആളും ആരവവും ഒഴിഞ്ഞിരുന്ന വരിക്കാശ്ശേരി മന വീണ്ടും സന്ദർശകർക്കായ് തുറന്നുകൊടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മലയാളത്തിന്റെ അഭ്രപാളികളിലെ ഇതിഹാസമായ മന അടച്ചിട്ടിരുന്നത്.
സിനിമാ ഷൂട്ടിംഗിനും, വിവാഹ ആൽബംങ്ങൾക്കും, സീരിയലുകൾക്കമെല്ലാം ദിനംപ്രതി വിളികളെത്തുന്നുണ്ടായിരുന്നുവെങ്കിലും മാനദണ്ഡങ്ങൾ പാലിച്ച് മന തുറന്നുകൊടുത്തിരുന്നില്ല. ഇനി ഷൂട്ടിംഗുകൾക്കും ഉടൻ മന തുറന്നുകൊടുക്കും.
കോവിഡ് കാലത്തും നിരവധി ആളുകൾ മന കാണാൻ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു.എന്നാൽ സന്ദർശകരേയും, സിനിമ സീരിയൽ അടക്കമുള്ള ചിത്രീകരണങ്ങൾക്കും പരിപൂർണ വിലക്ക് തുടർന്നു.
ഈ വിലക്ക് സന്ദർശകർക്കും തുടർന്നിരുന്നു. പലരും ഇവിടേയത്തി മനകാണാൻ ഗേറ്റിന് മുന്പിൽ കാത്ത് നിൽക്കുന്നത് മാസങ്ങളായുള്ള പതിവുകാഴ്ചയായിരുന്നു. സ്ത്രികളും, കുട്ടികളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
അന്യജില്ലക്കാരും, അന്തർ സംസ്ഥാന ക്കാരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വരിക്കാശ്ശേരി മന അടച്ചതറിയാതെയാണ് ഇവരെല്ലാം ഇവിടെക്ക് എത്തിക്കൊണ്ടിരിരുന്നത്.
നിരവധി സിനിമ നിർമാതാക്കളും മനയിൽ ചിത്രീകരണത്തിന് വേണ്ടി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.ഏറ്റവുമധികം ആവശ്യക്കാർ എത്തുന്നത് വിവാഹ ഫോട്ടോകൾക്കും ആൽബങ്ങൾക്കും വേണ്ടിയാണ്. വരിക്കാശ്ശേരി മനയുടെ ദൃശ്യ സൗന്ദര്യം അഭ്രപാളികളിൽ ആദ്യം കണ്ടത് മലയാള സിനിമകളിലാണ്.
പിന്നീട് നിരവധി ബഹുഭാഷ ചിത്രങ്ങളും ഇവിടെ ചിത്രീകരിക്കപ്പെട്ടു. വരിക്കാശ്ശേരി മനയുടെ നാലുകെട്ടും പത്തായപ്പുരയുമെല്ലാം കാഴ്ചക്കാർക്ക് എന്നും നവ്യാനുഭവങ്ങളാണ്.
ഐ. വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയോട് കൂടിയാണ് വരിക്കാശ്ശേരി മന പ്രസിദ്ധമായത്. ഈ ചിത്രത്തിൽ മനയുടെ പേര് മംഗലശ്ശേരി എന്നായിരുന്നു.
മംഗലശ്ശേരിയുടെ പൂമുഖത്ത് ചാരുകസേരയിൽ പിരിച്ചു വെച്ച മീശയും, ചുവന്നു കലങ്ങിയ കണ്ണുകളും മുറുക്കിച്ചുവപ്പിച്ച മുഖവുമായി നീലകണ്ഠൻ എന്ന മോഹൻലാൽ കഥാപാത്രം അമർന്നിരുന്നത് മലയാള സിനിമാപ്രേക്ഷകരുടെ മനസിലേക്കായിരുന്നു.
കാഴ്ചക്കാർക്കത് ഓർക്കുന്പോൾ ഇന്നും ഹരമാണ്.വരിക്കശ്ശേരി മനയിൽ എത്തുന്നവരുടെ മനസിനുള്ളിലൂടെ ഒരു തിരശ്ശീലയിലൂടെ എന്നവണ്ണം ഇവിടെ ചിത്രീകരിച്ച സിനിമയും കഥാപാത്രങ്ങളും ഒഴുകി നടക്കും.
ഇതുതന്നെയാണ് ഇവിടേക്ക് പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്നതും. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും, ജയറാമിന്റെയും മാത്രമല്ല രജനീകാന്ത് അടക്കമുള്ള അന്യഭാഷ സിനിമകളും ഇവിടെ വളരെയേറെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
വള്ളുവനാടിന്റെ വശ്യ മനോഹാരിത അഭ്രപാളികളിലേക്കാവാഹിക്കാൻ എത്തുന്നവർ ആദ്യം ഓർമ്മിക്കുന്നതും, വരിക്കശ്ശേരി മനയെ തന്നെയാണ്.
ഉത്സവകാലങ്ങളിലും മറ്റും വലിയ സന്ദർശകപ്രവാഹമാണ് ഇവിടേക്ക് ഉണ്ടാകാറുള്ളത്. തിരക്ക് നിയന്ത്രിക്കാൻ ടിക്കറ്റ് വച്ചാണ് ഇപ്പോൾ സന്ദർശനത്തിന് അനുമതി നൽകുന്നത്.
ഈ ഓണക്കാലത്തും വലിയ സന്ദർശകപ്രവാഹം വരിക്കാശ്ശേരി മനയിലേക്ക് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.മാസങ്ങൾക്കപ്പുറം വരിക്കാശ്ശേരി മനയിൽ എത്തിയ മോഹൻലാൽ പറയുകയുണ്ടായി.
ഞാനെന്റെ തറവാട്ടിൽ തിരിച്ചെത്തിയ പോലെ തോന്നുന്നു. ഇവിടെയെത്തുന്നവർക്കെല്ലാം തോന്നുന്നതും അതാണ്.