തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ ശ്രീലക്ഷ്മി വീട്ടിൽ ശ്രീകുമാർ (58), ഭാര്യ മിനി (56), മകൾ അനന്തലക്ഷ്മി (25) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടുകൂടിയായിരുന്നു സംഭവം. വീടിന്റെ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ട് അയൽവാസികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് എത്തി വീട്ടിനുള്ളിൽ കയറി തീയണച്ചു എന്നാൽ മൂവരും മരണമടഞ്ഞിരുന്നു . ശ്രീകുമാറിന്റെ മൃതദേഹം വീടിനകത്തെ കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങൾ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.
ശ്രീകുമാർ കോൺട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന.
ഫോറൻസിക് വിഭാഗവും വർക്കല പോലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ശ്രീകുമാറിന്റെ വീട്ടിൽ നിന്നും പോലീസിന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക കാരണങ്ങൾ ആണ് മരണത്തിനു കാരണമെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്