പോത്താനിക്കാട്: ബൈബിള്‍ 91-ാം സങ്കീര്‍ത്തനത്തില്‍ പറയുന്ന ഇരുട്ടില്‍ വരുന്ന മഹാമാരിയാണ് കൊറോണയെന്ന് വര്ക്കിച്ചേട്ടന് തറപ്പിച്ചു പറയുന്നു. 105-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ആലോചനാ യോഗത്തില്‍ മനസ് തുറക്കുകയായിരുന്നു പുളിന്താനം ചിറ്റേത്ത് സി.സി. വര്‍ക്കി എന്ന വര്ക്കിച്ചേട്ടൻ.
പ്ലേഗ്, മലമ്പനി, വസൂരി, ക്ഷയം തുടങ്ങിയ പകര്‍ച്ച വ്യാധികളെയും പലവട്ടം ഉണ്ടായ വെള്ളപ്പൊക്കങ്ങളേയും അതിജീവിച്ച മനുഷ്യന് കോവിഡ് – 19 നേയും നേരിടാന്‍ കഴിയുമെന്നാണ് ഈ വന്ദ്യവയോധികന് പ്രത്യാശ പ്രകടിപ്പിക്കുന്നത്.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും സ്വാതന്ത്ര്യസമരവും വിമോചന സമരവും ഗാന്ധിവധവും കെന്നഡി വധവും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി വധവുമെല്ലാം ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കുന്ന വര്ക്കിച്ചേട്ടന് 99ലെ വെള്ളപ്പൊക്കമാണ് തന്നെ ഏറ്റവും ഭീതിപ്പെടുത്തിയ സംഭവമെന്നും ഇന്നലെ നടന്ന കാര്യങ്ങള്‍പോലെ വിശദീകരിക്കും.
സാമൂഹിക അകലം വര്‍ധിപ്പിക്കേണ്ട മനുഷ്യര്‍ ഈ കാലഘട്ടത്തില്‍ മാനസിക അകലം കുറയ്ക്കാനും ഈ മഹാമാരി നിമിത്തമാകണമെന്ന സന്ദേശമാണ് സമൂഹത്തിന് നല്‍കുവാനുള്ളതെന്ന് വര്ക്കിച്ചേട്ടന് പറയുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വിവിധതരം തൊഴിലുകള്‍ ചെയ്ത് ജീവിച്ച വര്ക്കിച്ചേട്ടന് പോത്താനിക്കാട് ടൗണിലെ ഏറ്റവും പഴയ മലഞ്ചരക്ക് വ്യാപാരിയാണ്. ഈ ബിസിനസ് ഇന്നും മകന് കുര്യാക്കോസ് തുടരുന്നുണ്ട്.
പിഡബ്ല്യുഡി കോണ്‍ട്രാക്ടറായി ഭൂതത്താന്‍കെട്ട് – ഇടമലായാര് റോഡിന്റെ നിര്‍മാണവേളയില്‍ യാദൃശ്ചികമായി പരിചയപ്പെട്ട കോതമംഗലം ഇടയ്ക്കാട്ടുകുടിയില്‍ പരേതനായ ഇ.വി. മത്തായിയാണ് അപ്പച്ചനെ മലഞ്ചരക്ക് വ്യാപാരത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് പിറന്നാള്‍ ആഘോഷ കമ്മിറ്റിയുടെ ചെയര്മാന് കൂടിയായ മൂത്തമകന് ജോണി പറഞ്ഞു.
കോണ്ട്രാക്ടര്, മലഞ്ചരക്ക് വ്യാപാരി, കര്ഷകന്, പൊതു പ്രവര്ത്തകന്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം, തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം പോത്താനിക്കാട് ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും ദീര്‍ഘകാലം ഭരണസമിതി അംഗവുമായിരുന്നു.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയേക്കാള്‍ കൂടുതല്‍ പ്രായമുള്ള ഇന്ന് ജീവിച്ചിരിക്കുന്ന ഏക മാര്ത്തോമ്മക്കാരന് താന്‍ മാത്രമായിരിക്കുമെന്ന് ഈ അപ്പച്ചന് പറയാറുണ്ട്. മൂന്ന് ആണ്മക്കളും ഒരു മകളുമുള്ള വര്‍ക്കിച്ചേട്ടന്റെ സഹധര്‍മിണി അഞ്ച് വര്‍ഷം മുമ്പാണ് മരിച്ചത്.
105-ാം പിറന്നാള്‍ ദിനത്തിന് മുമ്പ് മഹാമാരി നിയന്ത്രണ വിധേയമാകുമെന്ന ശുഭാപ്തി വിശ്വാസമുള്ള വര്ക്കിച്ചേട്ടന് ഇടയ്ക്കിടെ ഓര്‍മ്മക്കുറവുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഈ നിമിഷംവരെയും സ്ഥിരമായി ഒരു മരുന്നുകളും കഴിക്കേണ്ടി വന്നിട്ടില്ല.
1917 ഓഗസ്റ്റ് 10ന് ജനിച്ച ഇദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ ചെറുമക്കളുമടങ്ങുന്ന 39 അംഗ സംഘം.