പേരാമ്പ്ര: ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടറായി സർവീസിൽ നിന്നു 2007 ൽ പിരിയുമ്പോൾ ചക്കിട്ടപാറ ചെമ്പനോട അമ്മിയാംമണ്ണിലെ കൈതക്കുളം വർക്കിച്ചനൊരു തീരുമാനമുണ്ടായിരുന്നു. അലസതയോടെയുള്ള വിശ്രമ ജീവിതം വേണ്ടെന്ന്. പല സ്ഥാപനങ്ങളും ജോലിക്കായി വിളിച്ചു. ഇഷ്ടമുള്ളിടത്തൊക്കെ പോയി പണിയെടുത്തു. ശമ്പളവും കിട്ടി. പത്ത് കൊല്ലം അങ്ങനെ പോയപ്പോൾ മടുപ്പായി. ഇനി എന്താണ് നേരം പോകാനെന്നു ചിന്തിച്ചു. ഉത്തരവും കിട്ടി. കർഷകനാവുക, കൃഷി ചെയ്യുക.
നെടുവാൽ പുഴയോരത്തുള്ള രണ്ട് ഏക്കർ സ്ഥലം കൃഷിയോഗ്യമാക്കിയ വർക്കിച്ചൻ പച്ചക്കറികൾ, മുളകുകൾ, വാഴ, പഴവർഗങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച പത്ത് കൃത്രിമ കുളങ്ങൾ കൃഷിയിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. നട്ടർ, ഗിഫ്റ്റ്, തിലോപ്പിയ, ഷാർക്ക്, അലങ്കാര മത്സ്യങ്ങൾ എന്നിവയെല്ലാം ഇതിൽ വളർത്തുന്നുണ്ട്.
പത്ത് കിടാരികളും ഇവിടെയുണ്ട്. ഇതു വഴി വളവും യഥേഷ്ടം ലഭിക്കുന്നു. തീറ്റപ്പുൽകൃഷിയുമുണ്ട്. മരുതോങ്കരയിൽ താമസിക്കുന്ന വീട്ടിൽ കാട വളർത്തി മുട്ട വിപണിയിൽ നൽകുന്നുണ്ട്. കാടയുടെ കാഷ്ഠം വളമായി ഫാമിൽ ഉപയോഗിക്കുന്നു.
ജോലികൾ ചെയ്യുന്നത് വർക്കിച്ചൻ തന്നെയാണ്. സഹായിക്കാൻ ജാർഖണ്ഡ് സ്വദേശിയും കൂട്ടിനുണ്ട്. സജീവ കൃഷിയിലേക്ക് വന്നത് ലാഭം പ്രതീക്ഷിച്ചല്ലെന്നും മനസിന്റെ തൃപ്തിയാണു പ്രധാനമെന്നും അത് ലഭിക്കുന്നുണ്ടെന്നും അറുപത്തി ഒൻപതുകാരനായ വർക്കിച്ചൻ ദീപികയോടു പറഞ്ഞു.
മുയൽ, നാടൻ കോഴിപ്പൂവൻ എന്നിവയെ വളർത്താനും തീരുമാനമുണ്ട്. പാചകത്തിലും രുചിയേറിയ കേക്കുകളുടെ നിർമാണത്തിലും വിദഗ്ധയായ ഭാര്യ ജെസി കൃഷിയിലും പിന്തുണയുമായി ഒപ്പമുണ്ട്. ഫോൺ: 8086860996.