തിരുവനന്തപുരം: വര്‍ക്കല വടശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ജൂഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ രണ്ട് ദിവസത്തേക്ക് വിട്ടുകിട്ടുന്നതിനായി പോലീസ് നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
കല്ലന്പലം വടശേരിക്കോണം ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാർ എന്നിവർ ചേർന്നാണ് രാജുവിനെ കൊലപ്പെടുത്തിയത്.
രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന ജിഷ്ണുവിന്റെ അഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിലാണ് പ്രതികൾ കൊലപാതകം നടത്തിയെതെന്നാണു പോലീസ് കേസ്.
ശ്രീലക്ഷ്മിയുടെ വിവാഹം ഇന്നലെ നടക്കാനിരിക്കെ വിവാഹത്തലേന്ന് രാത്രിയിൽ പ്രതികൾ സംഘം ചേർന്നെത്തി ശ്രീലക്ഷ്മിയെ ക്രൂരമായി മർദിക്കുകയും ഇത് തടയുന്നതിനിടെ മണ്‍വെട്ടി കൊണ്ട് രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അക്രമികളെ തടയാൻ ശ്രമിച്ച ബന്ധുക്കളെയും മർദിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ രാജുവിനെ എത്തിച്ച സ്വകാര്യാശുപത്രിയിൽ പ്രതികൾ എത്തി മരണം സ്ഥിരീകരിച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസിന്റെ പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.നാല് പേരും ചേർന്ന് തന്റെ ഭർത്താവിനെ ക്രൂരമായി മർദിച്ച ശേഷമാണ് മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് രാജുവിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.