വർക്കല: വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിന് സമീപമുള്ള രണ്ടു നില വീട്ടിലാണ് ഇന്നു പുലർച്ചെ തീപിടിത്തം ഉണ്ടായത്.
ഗൃഹനാഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് റയാൻ എന്നിവർ ആണ് മരിച്ചത്.
ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്.
കാർപോർച്ചിൽ തീ ആളിക്കത്തുന്നതു കണ്ട അയൽവാസിയായ കെ. ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്.
മരണം പുക ശ്വസിച്ച്
തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.
എന്നാല്‍ അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. റൂറൽ എസ്പി ദിവ്യ ഗോപിനാഥ് സ്ഥലം സന്ദർശിച്ചു. വീടിന്റെ ഉൾഭാഗം മുഴുവൻ തീ പിടിച്ചു നശിച്ചു.
അഭിരാമിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ കിടന്നത് മുകളിലത്തെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. അഹിൽ മുകളിലത്തെ നിലയിലും പ്രതാപനും ഷേർളിയും താഴത്തെ നിലയിലുമാണ് കിടന്നിരുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ഒരു സ്കൂട്ടറിനും രണ്ട് കാറുകൾക്കും തീപിടിച്ചിരുന്നില്ല.
കാരണം പരിശോധിക്കുന്നു
വര്‍ക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്. പ്രതാപന് മൂന്ന് ആണ് മക്കളാണ് ഉള്ളത്. ഒരു മകന് ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണം അടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
തീപിടിത്തത്തിൽ എസിയും കത്തി നശിച്ചു. ബൈക്കിലെ പെട്രോളിൽ നിന്നാണോ തീപിടിത്തം ഉണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടവും നടത്തിയ ശേഷം സംസ്കാരം നടത്തും.