തിരുവനന്തപുരം: വർക്കലയിലെ വീട്ടിൽ തീപിടിച്ച് അഞ്ചു പേർ മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫോറൻസിക് വിദഗ്ധരുടെയും റിപ്പോർട്ട് ലഭിക്കാൻ വൈകും.ഷോർട്ട് സർക്യൂട്ടായിരിക്കും എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാൽ ഏതു ഭാഗത്ത് നിന്നും എങ്ങനെ സംഭവിച്ചുവെന്നതിൽ അവ്യക്തത തുടരുകയാണ്. തീപിടിത്തമുണ്ടായ ചെറുന്നിയൂർ രാഹുൽ നിവാസിൽ പ്രതാപന്റെ വീട്ടിൽ സിസിടിവി കാമറ സ്ഥാപിച്ചിരുന്നു.
തീപിടിത്തം കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഹാർഡ് ഡിസ്ക്, ഡിവിആർ എന്നിവ കത്തിനശിച്ചതാണ് യഥാർഥ കാരണം സ്ഥിരീകരിക്കാൻ സാധിക്കാത്തത്.
ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമോയെന്ന് ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് പോലീസ്.
സിസിടിവി കാമറയുടെ ദൃശ്യങ്ങൾ വീട്ടിലെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. ഹാർഡ് ഡിസ്ക് കത്തിപ്പോയതാണ് ഇപ്പോൾ അന്വേഷണത്തെ കുഴയ്ക്കുന്നത്.
പ്രതാപന്റെ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന്റെ പക്കൽ ഉള്ളത്. കാർ പോർച്ചിന് സമീപത്ത് നിന്നും തീ പടർന്നതായാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്.
എന്നാൽ തീ പിടിത്തത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ഫോറൻസിക് വിഭാഗത്തിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ കാരണം ഒൗദ്യോഗികമായി സ്ഥിരീകരിക്കാനാകുവെന്നാണ് പോലീസ് സംഘം വ്യക്തമാക്കുന്നത്.
തീ പിടിത്തം ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് പോലീസ് ഇന്നലെ പല പരീക്ഷണങ്ങളും നടത്തി നോക്കിയിരുന്നു.