തിരുവനന്തപുരം: വർക്കലയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ പരസ്പരം പഴിചാരി സർക്കാർ ഏജൻസികളും കരാർ കന്പനിയും. ശക്തമായ തിരകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് കരാർ കമ്പനി വ്യക്തമാക്കുന്നത്. തിര ഉയർന്നപ്പോൾ പാലത്തിലുണ്ടായിരുന്നവർ ഒരുവശത്തേക്ക് തടിച്ച് കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് കന്പനിയുടെ വാദം.
നേരത്തെ സർക്കാർ ഏജൻസികൾ അപകട കാരണം കരാർ കമ്പനിയുടെ ഭാഗത്തെ വീഴ്ചയെന്ന് പറഞ്ഞായിരുന്നു തടിയൂരിയത്. ശനിയാഴ്ചത്തെ അപകടത്തിൽ പതിനഞ്ചോളം പേരാണ് കടലിൽ വീണത്. ഇതിൽ നാല് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ആൻഡമാനിൽ ഉൾപ്പെടെ നിരവധി ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ നിർമിച്ച് പരിചയസന്പത്തുള്ള കന്പനിയാണ് വർക്കലയിലും ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്നായിരുന്നു കന്പനിയുടെയും സർക്കാരിന്റെയും നേരത്തെയുള്ള അവകാശവാദം. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും കരാർ കന്പനിയും അപകടം സംബന്ധിച്ച് കൈമലർത്തുകയാണ്.
അവധി ദിവസമായിരുന്ന ശനിയാഴ്ച കൂടുതൽ സഞ്ചാരികൾ പാലത്തിൽ കയറിയിരുന്നെങ്കിൽ വൻ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. അതേ സമയം ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിർമിക്കുന്നതിന് മതിയായ അനുമതി വാങ്ങിയിരുന്നില്ലെന്ന ആരോപണം ശക്തമായി ഉയരുകയാണ്.
വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജ് അപകടം സംബന്ധിച്ച് ടൂറിസം ഡയറക്ടർ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും.
പി.ബി. നൂഹാണ് അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പാലം നിർമ്മാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും ബന്ധപ്പെട്ടവർക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലാണ് ടൂറിസം ഡയറക്ടറുടേതെന്നാണ് ലഭിക്കുന്ന സൂചന. ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ വർഷം ഡിസംബർ അവസാനവാരത്തിലാണ് വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം ആഡംബരപൂർവം നടത്തിയത്.