തിരുവനന്തപുരം: വർക്കലയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്ക് പോലീസിന്റെ അതിക്രൂര മർദനം. വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി സുധീഷിനാണ് പോലീസിന്റെ മർദനം ഏറ്റത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വളപ്പിനു പുറത്ത് സുധീഷ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ പടക്കം പൊട്ടിച്ചിരുന്നു.
അധ്യാപകർ പറഞ്ഞിട്ടും അവർ പടക്കം പൊട്ടിക്കുന്നത് നിർത്തിയില്ല എന്നുകാട്ടി സ്കൂൾ പ്രിൻസിപ്പൽ ആണ് പോലീസിൽ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് സ്കൂൾ ക്യാംപസിൽ വച്ച് വിദ്യാർഥികൾക്കു നേരെ ലാത്തി വീശുകയും പിന്നീട് സുധീഷിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വർക്കല എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം വിദ്യാർഥികളെ ക്രൂര മർദനത്തിനിരയാക്കിയത്.
പോലീസ് മർദനത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പോലീസ് ഇവിടെനിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ടു പോലീസുകാർ ചേർന്ന് താങ്ങിയെടുത്താണ് സുധീഷിനെ ആശുപത്രിയിൽ നിന്ന് പോലീസ് ജീപ്പിലേക്ക് കയറ്റുന്നത്. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയത്ത് വിദ്യാർഥി തളർന്ന് അവശനായിരുന്നുവെന്നും വ്യക്തം.
കേരള സംസ്ഥാന കബഡി ടീമിൽ അംഗമായ വിദ്യാർഥിക്കു നേരെ ആയിരുന്നു പോലീസിന്റെ കാടത്തം. നവംബർ ഏഴിന് ദേശീയ മീറ്റിൽ പങ്കെടുക്കാനിരിക്കെയാണ് സുധീഷിന് പോലീസുകാരിൽ നിന്ന് ക്രൂര മർദനമേറ്റത്. ഇതോടെ മീറ്റിൽ പങ്കെടുക്കാനുള്ള സാധ്യതകളും മങ്ങിയെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും പോലീസ് തന്നെ മർദിച്ചുവെന്ന് സുധീഷും വ്യക്തമാക്കി.
സംഭവം നടക്കുന്ന സമയത്ത് ലാത്തിവീശാനുള്ള തരത്തിൽ വിദ്യാർഥികളുടെ കൂട്ടമോ, സംഘർഷാവസ്ഥയോ സ്കൂൾ പരിസരത്തില്ലായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പോലീസ് സ്കൂൾ വളപ്പുകളിൽ കയറി വിദ്യാർഥികളെ ഉപദ്രവിക്കാനോ മോശമായി പെരുമാറാനോ പാടില്ലെന്നുള്ള കർശന നിർദേശങ്ങൾ നിലവിലിരിക്കെ കൂടെയാണ് വർക്കല പോലീസിന്റെ അഴിഞ്ഞാട്ടം.