മെല്‍ബണ്‍: ബോക്സിംഗ് ഡേയില്‍ (ക്രിസ്മസിന്റെ പിറ്റേന്നാൾ) ബാറ്റുകൊണ്ട് ബോക്സിംഗ് നടത്തിയ ഡേവിഡ് വാര്‍ണര്‍ മൂന്നാം ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കു നല്‍കിയത് സ്വപ്നതുല്യ തുടക്കം. ഒന്നാം ദിനം ഓസ്ട്രേലിയന്‍ ആധിപത്യത്തില്‍ അവസാനിക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത്. മൂന്നിന് 244. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയാണ് ആദ്യ ദിനം കരുത്തായത്.
തന്റെ ഇരുപത്തിയൊന്നാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ഡേവിഡ് വാര്‍ണറും, കാമറോണ്‍ ബ്രാങ്കോഫ്റ്റും കൂടി 121 റണ്‍സിന്റെ മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. എന്നാല്‍, ബ്രാങ്കോഫ്റ്റിന്റെ സംഭാവന 26 റണ്‍സ് മാത്രമായിരുന്നു.
13 ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 103 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. ഇരുവരുടേയും പുറത്താകലുകള്‍ക്ക് പിന്നാലെ ഉസ്മാന് ഖവാജയും 17 റണ്‍സെടുത്ത് പവലിയനില്‍ തിരിച്ചെത്തി.
പരമ്പരയിൽ മികച്ച ഫോം തുടരുന്ന ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 65 റണ്‍സുമായും, ഷോണ്‍ മാര്‍ഷ് 31 റണ്‍സെടുത്തും ക്രീസിലുണ്ട്. സ്മിത്തിന്റെ ബാറ്റില്‍നിന്ന് ആറു ബൗണ്ടറിയും മാര്‍ഷിന്റെ ബാറ്റില്‍നിന്ന് നാലു ബൗണ്ടറിയും ഇതിനോടകം പിറന്നിട്ടുണ്ട്. ഇംഗ്ലണ്ടിനായി ജയിംസ് ആന്ഡേഴ്സണ്, സ്റ്റുവാര്‍ട്ട് ബ്രോഡ്, ക്രിസ് വോക്ക്സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദ്യ മൂന്ന് ആഷസ് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ പരമ്പര നേരത്തെതന്നെ സ്വന്തമാക്കിയിരുന്നു. ഈ മത്സരവും ജയിച്ചാല്‍ പരമ്പരയില്‍ 4-0 ന് മുന്നിലെത്താന്‍ അവര്‍ക്ക് കഴിയും.
ആന്ഡേഴ്സണ് റിക്കാര്‍ഡ്
ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്ഡേഴ്സണ് റിക്കാര്‍ഡ്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഫാസ്റ്റ് ബൗളറായി മാറിയിരിക്കുകയാണ് ആന്ഡേഴ്സണ്. 132 മത്സരങ്ങള്‍ കളിച്ച വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം കോട്നി വാല്‍ഷിനെയാണ് ആന്ഡേഴ്സണ് മറികടന്നത്. 2003ല്‍ സിംബാബ്വെക്കെതിരേ നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്സണ്‍ന്റെ 133ാം ടെസ്റ്റ് മത്സരമാണ് എം സി ജിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. അതോടൊപ്പം വിക്കറ്റ് വേട്ടയില്‍ ആന്ഡേഴ്സണ് വാല്ഷിനൊപ്പമെത്തുകയും ചെയ്തു.
519 വിക്കറ്റുകള്‍ വീതമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുവരുടെയും പേരിലുള്ളത്. 2001ല്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ച കോട്നി വാല്‍ഷ് 205 ഏകദിനങ്ങളില്‍നിന്ന് 227 വിക്കറ്റുകളും വെസ്റ്റിന്‍ഡീസിനു വേണ്ടി നേടിയിട്ടുണ്ട്. 194 ഏകദിനമത്സങ്ങളില് ഇംഗ്ലണ്ട് ജഴ്സിയണിഞ്ഞ ആന്ഡേഴ്സണ് 269 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്. 133 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 800 വിക്കറ്റുകളാണ് മുരളീധരന് സ്വന്തം പേരിലാക്കിയിട്ടുള്ളത്.
സെവാഗിനെ പിന്തള്ളി വാർണർ
ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ സെഞ്ചുറിയോടെ ക്രിക്കറ്റില്‍ മറ്റൊരു റിക്കാര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഏറ്റവും വേഗത്തില്‍ 21 സെഞ്ചുറികളിലെത്തുന്ന രണ്ടാമത്തെ ഓപ്പണിംഗ് ബാറ്റ്സ്മാന് എന്ന റിക്കാര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെയാണ് വാര്‍ണര്‍ പിന്നിലാക്കിയത്.
126-ാം ഇന്നിംഗ്സിലാണ് വാര്‍ണര്‍ തന്റെ ഇരുപത്തിയൊന്നാം സെഞ്ചുറി നേടിയത്. 130 ഇന്നിംഗ്സുകളാണ് സെവാഗ് ഇതിനായി കളിച്ചത്. ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗാവസ്കറാണ് ഇക്കാര്യത്തില്‍ മുന്നില്‍. വെറും 97 ഇന്നിംഗ്സുകളാണ് 21 സെഞ്ചുറികളടിക്കാന് ഗാവസ്കറിന് വേണ്ടി വന്നത്.
126 ഇന്നിംഗ്സുകളില്‍ 21 സെഞ്ചുറിയിലേക്ക് എത്തിയെങ്കിലും ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമല്ല വാര്‍ണര്‍. 126 ഇന്നിംഗ്സുകളില്‍ തന്നെ 21 സെഞ്ചുറികള്‍ നേടിയ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ ഹെയ്ഡനും ഇക്കാര്യത്തില്‍ വാര്ണറിനൊപ്പമുണ്ട്.വാര്‍ണറിന്റെ എഴുപതാം ടെസ്റ്റ് മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. സെഞ്ചുറി പ്രകടനത്തിനിടെ ടെസ്റ്റില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടിരുന്നു.