ഡർബൻ: ഡേവിഡ് വാർണർ വൈസ് ക്യാപ്റ്റനായി തുടരുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് പരിശീലകൻ ഡാരൻ ലേമൻ. ആദ്യ ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കുമായുള്ള കയ്യാങ്കളി വരെയാകാമായിരുന്ന വാക്പോരിനെത്തുടർന്ന് വാർണറുടെ സ്വഭാവത്തെ പലരും കുറ്റപ്പെടുത്തിയിരുന്നു.
രണ്ടാം ടെസ്റ്റിനായി പോർട്ട് എലിസബത്തിലേക്കു തിരിക്കുന്നതിനു മുന്‍പു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് വാർണർ ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി തുടരുമെന്ന് പരിശീലകൻ അറിയിച്ച്ത്. ഞങ്ങൾ ടീം ഒന്നടങ്കം ഡേവിഡിന് പിന്തുണ നല്കുന്നു.
ഞങ്ങളുടെ ലക്ഷ്യം ജയമാണ്. അതിർവര കടക്കുന്ന പ്രവർത്തികൾ ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ നോക്കുന്നത്-ലേമൻ പറഞ്ഞു. ദേഷ്യമുണ്ടാക്കുന്ന കാര്യങ്ങളുണ്ടാകും അത് ആരുമറിയാതെ തീർക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെക്കുറിച്ച് മോശമായ രീതിയിൽ ഡി കോക്ക് പറഞ്ഞതാണ് വാർണറെ ചൊടിപ്പിച്ചതെന്ന് ഓസീസ് നായകൻ സ്മിത്ത് പറഞ്ഞു.