സിനിമ കുടുംബത്തിൽ നിന്നും മലയാളത്തിലേക്കു വീണ്ടുമൊരു കലാകാരികൂടി എത്തുകയാണ്. വർഷ വിശ്വനാഥ്. മലയാളത്തിന്റെ എവർഗ്രീൻ ആക്ഷൻ നായിക വാണി വിശ്വനാഥിന്റെ സഹോദരി പുത്രിയാണ് ഈ കൊച്ചു കലാകാരി. വാണിയുടെ പേരുമായുള്ള സമാനതകൊണ്ടുതന്നെ ഈ കൊച്ചു മിടുക്കിയെ പ്രേ ക്ഷകർ ശ്രദ്ധിക്കുമെന്നുറപ്പ്.
തൃശൂർ സെവൻത്ഡെ അഡ്വന്റിസ്റ്റ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ വർഷ ചെറുപ്പം മുതൽ തന്നെ കലാപരമായ കാര്യങ്ങളിലും അക്കാഡമിക് നേട്ടങ്ങളിലും മുന്നിലായിരുന്നു. ചിത്രരചന, നൃത്തം തുടങ്ങിയവയിൽ ഏറെ മികവ് നേടിയിരുന്നു ഈ കൊച്ചു കലാകാരി. അവിടെ നിന്നും വെള്ളിത്തിരയിലേക്കെത്തുകയാണ് ഇപ്പോൾ. സുന്ദർ എല്ലാർ സംവിധാനം ചെയ്തു നെപ്പോളിയനും നന്ദിനിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഐന എന്ന ചിത്രത്തിലൂടെയാണ് വർഷ അഭിനയ കലയിലേക്കു ആദ്യ ചുവടുവെക്കുന്നത്.
മുന്പു ഷൂട്ടിംഗ് കണ്ടു പരിചയമുള്ളതിനാൽ ഒരു പേടിയുമില്ലാതെ കാമറക്കു മുന്നിലേക്കെത്താനുള്ള ആത്മവിശ്വാസം വർഷയ്ക്കുണ്ടായിരുന്നു. ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമങ്ങളില്ലാതെ കാമറക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ വർഷയ്ക്കു കഴിഞ്ഞെന്നു ചിത്രത്തിന്റെ സംവിധായകൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ സീനിന്റെ ആദ്യ ടേക്കിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സംവിധായകർ അടങ്ങുന്ന മുഴുവൻ ക്രൂവിന്റെയും കയ്യടി നേടാനും കഴിഞ്ഞതു വലിയ നേട്ടമായാണ് വർഷ കരുതുന്നത്.
തന്റെ ഓരോ സീനിലും പരിചയസന്പന്നരായ അഭിനേതാക്കളെ പോലെയാണ് വർഷ പെരുമാറിയത്. ഐനയുടെ ഷൂട്ടിംഗിനിടയിൽ വീണു കൈമുട്ടു മുറിഞ്ഞതൊന്നും ഈ കൊച്ചു കലാകാരിയെ വലച്ചില്ല. കുറച്ചു ശ്രദ്ധിക്കാൻ പറഞ്ഞ അമ്മയോട്, ന്ധന്ധവാണിച്ചേച്ചിയും(വാണി വിശ്വനാഥ്) ബാബുമാമനും(ബാബുരാജ്) കാണുന്നതല്ലെ ഈ സിനിമ. അപ്പോൾ നീ ഇങ്ങനെയാണോ അഭിനയിക്കുന്നതെന്നു പറഞ്ഞു എന്നെ കളിയാക്കരുതല്ലോ. നല്ലവണ്ണം അഭിനയിക്കണ്ടതല്ലെ’’ എന്നായിരുന്നു വർഷയുടെ മറുപടി. ആദ്യ ചിത്രം കൊണ്ടുതന്നെ മലയാളത്തിൽ പുതിയ വാഗ്ദാനമാകും വർഷ എന്നു സിനിമയുടെ അണിയറ പ്രവർത്തകരും ഉറപ്പു നൽകുന്നു.
വലിയ താരനിരക്കൊപ്പം സിനിമയിലെത്തുന്നതിന്റെ ആവേശത്തിലാണ് വർഷ ഇപ്പോൾ. ഐനയിലേക്കു നന്ദിനിയുടെ കഥാപാത്രത്തിന്റെ ചർച്ചാ വേളയിലാണ് നന്ദിനിയുടെ പേഴ്സണൽ മേക്കപ്പ്മാൻ രാജൻ വർഷയെപ്പറ്റി സംവിധായകൻ സുന്ദറിനോടു പറയുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട സംവിധായകൻ ഓഡിഷനു വിളിക്കുകയും സിനിമയിലേക്കു വർഷയെ കാസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ആദ്യ ചിത്രം തീരുന്നതിനു മുന്പു തന്നെ തെലുങ്കിൽ നിന്നും വലിയ അവസരമാണ് കൊച്ചു മിടുക്കിയെ തേടി എത്തിയിരിക്കുന്നത്. നാഗാർജുനയുടെ നൂറ്റി അൻപത്തിയൊന്നാം ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് വർഷ ഇനി ചെയ്യാൻ പോകുന്നത്. നാഗാർ ജുനയുടെ നിർമ്മാണ കന്പനിയിൽ നിന്നെത്തുന്ന ചിത്രം തെലുങ്കിലും വർഷയ്ക്കു മികച്ച തുടക്കം സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.
പഠനത്തിൽ മുന്നിൽ നിൽക്കുന്ന വർഷയ്ക്ക് അഭിനയത്തോട് ഏറെ താല്പര്യമെങ്കിലും ഇപ്പോൾ വിദ്യാഭ്യാസം തന്നെയാണ് പ്രധാനം എന്നു പറയുന്നു. അതുകൊണ്ടു തന്നെ ഇടവേളകളിൽ സിനിമ ചെയ്യാനാണ് വർഷയുടെ കുടുംബത്തിന്റെ തീരുമാനം. പഠിത്തത്തിനു ശേഷം മാത്രം മുഴുവനായി സിനിമയിലേക്കെത്താമെന്നാണ് അവർ കരുതുന്നത്.
പുതിയ താരങ്ങളെ എന്നും കൈ നീട്ടി സ്വീകരിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. വാണി വിശ്വനാഥിന്റെ സഹോദരി പുത്രി എന്ന വിലാസത്തിൽനിന്നും തന്േറതായ പേര് നേടിയെടുക്കാനെത്തുന്ന വർഷയ്ക്കും ആ സ്വീകാര്യത കിട്ടുമെന്നതിൽ തർക്കമില്ല. ഐനയിലൂടെ മലയാള സിനിമയിലേക്കെത്തുന്ന വർഷയ്ക്കു ദീപിക സിനിമയുടെ നിറഞ്ഞ ഭാവുകങ്ങൾ…
ലിജിൻ കെ. ഈപ്പൻ