
കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി ചികിത്സാ സഹായം അഭ്യര്‍ഥിച്ച യുവതിക്ക് ആവശ്യത്തിലധികം പണം അക്കൗണ്ടിലേക്ക് വന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് പോലീസ്.
അഭ്യര്‍ഥന നടത്തിയതിന് പിന്നാലെ ഒരു കോടി രൂപയിലേറെയാണ് യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. കുറഞ്ഞ സമയത്തിനുള്ള ഇത്രയധികം തുക അക്കൗണ്ടിലേക്കെത്തിയതിന് പിന്നില്‍ കുഴല്‍പ്പണ ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
ചികിത്സാ ആവശ്യത്തിനുള്ള തുക കഴിഞ്ഞുള്ള പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതാണോയെന്നാണ് പോലീസ് സംശയം.
ഇതിന്റെ ഭാഗമായി യുവതിയുടെ അക്കൗണ്ടിലേക്ക് പണമയച്ച അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കും. 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ആദ്യദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടില്‍ എത്തി.
ഇനി പണമയക്കേണ്ട എന്ന് അറിയിച്ചെങ്കിലും അടുത്ത ദിവസം കൂടുതല്‍ പണം അക്കൗണ്ടില്‍ എത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ എന്ന യുവതിയാണ് അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്.
ഇതേതുടര്‍ന്ന് ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍കര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വര്‍ഷ ഫേ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായ ഫിറോസ് കുന്നുംപറമ്പില്‍, സാജന് കേച്ചേരി ഇയാളുടെ സഹായികളായ സലാം, ഷാഹിദ് എന്നീ നാല് പേര്‍ക്കെതിരേ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തിരുന്നു.
ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനും ആണ് കേസ്. ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ഥിച്ച് വര്‍ഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന് കേച്ചേരി പിന്നീട് എത്തുകയായിരുന്നു.
വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കി. പിന്നീട് ചികിത്സാ സഹായത്തിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.
വര്‍ഷയുടെ ഫേസ്ബുക്ക് ലൈവിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്ദേശിച്ചതിനുസരിച്ചാണ് വര്‍ഷ ഡിസിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ചേരാനെല്ലൂര്‍ സ്റ്റേഷന്റെ ചുമതലയുള്ള എസ്ഐ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.