കുണ്ടറ: കഴിഞ്ഞദിവസം കേരളപുരത്ത് നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് മരിച്ച വർഷയുടെ മാതാപിതാക്കൾ.
വർഷ (26), മക്കളായ അലൻ (2), ആരവ്( മൂന്നുമാസം ) എന്നിവർക്ക് ശീതള പാനീയത്തിൽ വിഷം കലർത്തിയാണ് കൊന്നതെന്ന് സംശയിക്കുന്നതായി അവർ പോലീസിൽ മൊഴി നൽകി.
സംഭവം നടക്കുമ്പോൾ മൂത്തമകൾ അലോന (6) വിഷം കഴിക്കാൻ നിർബന്ധിച്ചിട്ടും കഴിക്കാതെ എതിർത്ത് ഒഴിഞ്ഞു മാറിയതിനാൽ മരിച്ചില്ല.
ഭാര്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കും വിഷം നൽകിയശേഷം എഡ്വേർഡ് വിഷം കഴിച്ചെങ്കിലും മരിച്ചില്ല. അയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുണ്ടറയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ എഡ്വേർഡ് മൺട്രോതുരുത്ത് പെരിങ്ങാലം സ്വദേശിയാണ്.
ജോലിക്ക് പോകുന്നതിനും മൂത്തമകൾ അലോനയ്ക്ക് സ്കൂളിൽ പോകുന്നതിനുമുള്ള സൗകര്യം പരിഗണിച്ചാണ് എഡ്വേര്ഡും കുടുംബവും കേരളപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസമാക്കിയത്.
കൊല്ലപ്പെട്ട വർഷയുടെ മാതാപിതാക്കളായ ശോഭയും ബാബുവും ഇളയ സഹോദരനായ ഷാനും കുണ്ടറ തൃക്കോവിൽവട്ടം പഞ്ചായത്തിൽ മുഖത്തല പന്ത്രണ്ടാം വാർഡിലാണ് താമസം.
കൂലിപ്പണിക്കാരനായ ബാബു അടുത്തിടെ തഴുത്തല വെച്ച് ബൈക്ക് തട്ടി പരിക്കുകളോടെ ജോലിക്ക് പോകാനാകാതെ കിടപ്പിലായിരുന്നു.
വർഷയുടെ ഇളയസഹോദരൻ ഓട്ടോറിക്ഷ തൊഴിലാളി ഷാൻ മുഖത്തലയിലെ കല്ലുവെട്ടാംകുഴിയിൽ വച്ചുണ്ടായ വാഹനാപകടത്തിലും ചികിത്സയിലാണ്.
അപ്പോഴെല്ലാം ഏക ആശ്രയമായിരുന്നത് ഒരേയൊരു മകൾ വർഷ ആയിരുന്നുവെന്ന് അമ്മ ശോഭ തേങ്ങലോടെ പറഞ്ഞു.
ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും കൊച്ചുവീടും വിറ്റു കിട്ടിയ കാശ് കൊണ്ടാണ് വർഷയെ കെട്ടിച്ചു വിട്ടത്. അതിനുശേഷം മാതാപിതാക്കളും വാടക വീട്ടിലായിരുന്നു താമസം.
ജീവിത ദുരിതങ്ങളിൽപെട്ട് വിഷമത്തിലായിരുന്ന ഈ കുടുംബത്തിന് വർഷയുടെയും മക്കളുടെയും വേർപാട് താങ്ങാവുന്നതിനും അപ്പുറമായി.
എന്റെ കുഞ്ഞുങ്ങളോട് അവൻ ഇത് കാട്ടേണ്ടായിരുന്നു എന്ന് അമ്മ ശോഭയുടെ നിലവിളി ഹൃദയഭേദകമായിരുന്നു.
മരണത്തിൽ നിന്ന് രക്ഷപ്പെട്ട മൂത്തമകൾ അലോനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കുണ്ടറ പോലീസ് ഇൻക്വസ്റ്റ് നടത്തി.പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.