കൊച്ചി: മലബാർ മേഖലയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരമായ ചെറുത്തു നിൽപ്പു നടത്തിയ വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയുടെ പേരിൽ വിവാദം പുകയുന്നു.
വാരിയംകുന്നൻ എന്ന പേരിൽ സിനിമയൊരുക്കുന്നുവെന്ന് സംവിധായകന് ആഷിഖ് അബുവാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജാണ് സിനിമയിലെ നായകന്.
ഇതിനു പിന്നാലെ ഇതേപ്രമേയം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് അലി അക്ബര്‍, ഇബ്രാഹിം വേങ്ങര, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ രംഗത്തെത്തി. എന്നാല്‍ കുഞ്ഞുമുഹമ്മദ് ഹാജിക്ക് വില്ലന്‍ പരിവേഷം നല്‍കിയാണ് അലി അക്ബര്‍ സിനിമയൊരുക്കുന്നത്.
സിനിമ പ്രഖ്യാപിച്ചതിനു ശേഷം പൃഥ്വിരാജിനും ആഷിഖ് അബുവിനും നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു ആവശ്യപ്പെട്ടു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
വാരിയംകുന്നന് സിനിമ ചരിത്രത്തോട് നീതിപുലര്‍ത്തണമെന്ന് ബിജെപി നേതാവ് എം.ടി. രമേശ് പറഞ്ഞു. ഇല്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നും രമേശ് ചൂണ്ടിക്കാട്ടി.
എന്നാല്‍ സിനിമ കലാകാരന്റെ അവകാശമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ തന്നെയോ പൃഥ്വിരാജിനെയോ ബാധിക്കില്ലെന്ന് സംവിധായകന് ആഷിഖ് അബു വിവാദങ്ങള്‍ക്ക് മറുപടി നല്കി.