നിയാസ് മുസ്തഫ
മുസ്ലിം സഹോദരങ്ങളോട് ഞാനൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ നിങ്ങൾക്കു വേണ്ടിയും ജോലി ചെയ്യും. നിങ്ങളെ സഹായിക്കുകയും ചെയ്യും. -വരുൺ ഗാന്ധി ഇന്നലെ യുപിയിലെ പിലിഭിത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞ വാക്കുകളാണിത്.
എന്റെ ചായയിൽ നിങ്ങളുടെ (മുസ്ലിംങ്ങൾ വോട്ട് ചെയ്യണമെന്ന്) പഞ്ചസാര കൂടി കലർത്തണം. അപ്പോഴാണ് എന്റെ ചായ കൂടുതൽ മധുരമുള്ളതാകുന്നത്-വരുൺ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരുൺഗാന്ധിയുടെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയുടെ പരാമർശം സോഷ്യൽമീഡിയയിൽ വൈറലാവുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിന് കാരണമാകുകയും ചെയ്തിരു ന്നു.
മുസ്ലിംങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും ഞാൻ ജയിക്കും. പക്ഷേ എംപിയായ ശേഷം ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ ആവശ്യപ്പെട്ട് മുസ്ലിംങ്ങൾ എന്നെ സമീപിച്ചാൽ അപ്പോൾ എനിക്ക് നിങ്ങളെ സഹായിക്കാനാവില്ലായെന്നായിരുന്നു മേനക ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ഈ പ്രസംഗം വിവാദമായതോടെ പ്രചാരണരംഗത്തുനിന്ന് രണ്ടു ദിവസത്തേക്ക് മേനക ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു.
. പക്ഷേ പിന്നീട് മേനക ഗാന്ധി തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും ബിജെപിയുടെ മൈനോറിറ്റി സെല്ലിന്റെ യോഗത്തിലാണ് താൻ പ്രസംഗിച്ചതെന്നും മുസ്ലിംങ്ങൾ കൂടി വോട്ടു ചെയ്യണമെന്ന് അഭ്യർഥിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു.
മേനക ഗാന്ധിയുടെ വിവാദ പരാമർശത്തിൽ പ്രതി ഷേധിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വരുൺ ഗാന്ധിയും മേനക ഗാന്ധിയുടെ വിവാദ പരാമർശത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞിരി ക്കുന്നു.
മേനക ഗാന്ധി മത്സരിക്കുന്ന യുപിയിലെ സുൽത്താൻപൂരിൽനിന്നാണ് വരുൺ ഗാന്ധി 2014ൽ മത്സരിച്ചു ജയിച്ചത്. പിലിഭിത്തിൽനിന്ന് മേനക ഗാന്ധിയും. ഇത്തവണ ഇരുവരും മണ്ഡലങ്ങൾ വച്ചു മാറുകയായിരുന്നു.