സ്വന്തം ലേഖകൻ
തൃശൂർ: സമരച്ചൂടിലെത്തുന്ന പ്രതിഷേധക്കാരെ വെള്ളം ചീറ്റി തണുപ്പിച്ചോടിക്കുന്ന വരുണിനു ബാധിച്ച ജലദോഷപ്പനി മാറി. സമരക്കാരെ നേരിടാൻ വരുണ്‍ തയാറാണ്.
സമരക്കാർ ജാഗ്രതൈ! കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് തടയാൻ വരുണ്‍ എന്ന ജലപീരങ്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണു കേടാണെന്ന വിവരം പോലീസ് തന്നെ അറിഞ്ഞത്.
പിന്നീട് വരുണിനെ സ്റ്റാർട്ട് ചെയ്ത് ഉച്ചത്തിൽ സൈറണടിച്ചും ആക്സിലേറ്റർ കൊടുത്ത് ഇരന്പൽ കേൾപ്പിച്ചും സമരക്കാരെ പേടിപ്പിക്കുകയായിരുന്നു.
വരുണിന്റെ ജലപീരങ്കി നിയന്ത്രിക്കാനുള്ള പ്രഷർ വാൽവിനുണ്ടായ തകരാറാണു പോലീസിനെ കുഴപ്പിച്ചത്.
ഇപ്പോഴത്തെ അടിയന്തരാവശ്യം പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കന്പനിയിൽ നിന്ന് മെക്കാനിക്കിനെ നേരിട്ടെത്തിച്ചാണു പ്രശ്നം പരിഹരിച്ചത്.
അക്രമാസക്തമായ ജനക്കൂട്ടത്തെ നേരിടാൻ പോലീസിന്റെ മോബ് ഓപ്പറേഷനുള്ള പ്രധാന ആയുധങ്ങളാണു വരുണ്‍ എന്ന ജലപീരങ്കിയും വജ്ര എന്ന ടിയർ ഗ്യാസ് വാഹനവും.
പോലീസിലെ മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പിനാണ് ഇവ രണ്ടും സംരക്ഷിക്കാനുള്ള ചുമതല.
സമരാവേശംമൂത്ത് ജനക്കൂട്ടം അക്രമാവസ്ഥയിലേയ്ക്കു നീങ്ങുകയാണെങ്കിൽ ആദ്യപടിയായി ജലപീരങ്കിയാണു പോലീസ് പ്രയോഗിക്കുക.
ശക്തിയായി ചീറ്റുന്ന വെള്ളം വാൽവ് ഉപയോഗിച്ചു നിയന്ത്രിച്ചാണു ജനക്കൂട്ടത്തിനു നേരെ പ്രയോഗിക്കുന്നത്. അല്ലെങ്കിൽ ആളുകളുടെ ശരീരം തുളച്ചുകയറാനുള്ള ശക്തിയുണ്ട് വരുണിന്.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണു വരുണ്‍ പ്രയോഗിക്കുന്നത്.സമരം ബാരിക്കേഡു വച്ച് തടയുന്പോൾ അതു മറികടക്കാൻ ശ്രമിക്കുന്ന സമരക്കാർക്കു നേരെയാണു ജലപീരങ്കി തൊടുക്കുക.
അതുവരെ ബാരിക്കേഡ് തള്ളിപ്പിടിച്ചു നിൽക്കേണ്ടിവരുന്ന പോലീസുകാർക്ക് അപ്പോഴാണ് ഒരാശ്വാസമാകുക. വരുണ്‍ ശരിയായതോടെ പോലീസിന് അല്പം തലവേദന ഒഴിഞ്ഞുകിട്ടി.