ബോളിവുഡിലെ യുവതാരങ്ങളാണ് വരുണ്‍ ധവാനും ശ്രദ്ധ കപുറും. ഇരുവരും സിനിമാ കുടുംബങ്ങളില്‍നിന്നു വന്നവരാണ്. നടന് ശക്തി കപുറിന്റെ മകളാണ് ശ്രദ്ധ കപുര്‍. സംവിധായകന് ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍ ധവാന്.
ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈയടുത്തയിടെ പുറത്തിറങ്ങിയ ശ്രദ്ധയുടെ സ്ത്രീ 2വില്‍ വരുണ്‍ അതിഥി വേഷത്തിലെത്തിയിരുന്നു. നേരത്തെ വരുണിന്റെ ഭേഡിയയില്‍ ശ്രദ്ധയും അതിഥി വേഷത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ കഥകള്‍ പങ്കുവയ്ക്കുകയാണ് ശ്രദ്ധ. ചെറുപ്പത്തില്‍ താന്‍ വരുണിനെ പ്രൊപ്പോസ് ചെയ്തിരുന്നുവെന്നും പക്ഷെ വരുണ്‍ പ്രൊപ്പോസല്‍ നിരസിച്ചുവെന്നുമാണ് ശ്രദ്ധ പറയുന്നത്.
ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… വളരെ പഴയ കഥയാണ്. ചില ആളുകള്‍ക്ക് അറിയാം. വരുണ്‍ എന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ്.
അതു വലിയൊരു തമാശയാണ്. ഞങ്ങള്‍ അച്ഛന്മാരുടെ കൂടെ ഷൂട്ടിനു പോയതായിരുന്നു. എനിക്കു കുട്ടിക്കാലത്തു തന്നെ വരുണിനോട് ക്രഷ് തോന്നിയിരുന്നു. ഒരു മലമുകളിലായിരുന്നു ഞങ്ങള്‍ പോയത്. അവിടെ കളിച്ചു കൊണ്ടിരിക്കെയാണ് ഞാന്‍ വരുണിനോട് സംസാരിക്കുന്നത്.
ഞാന്‍ വരുണിനോട് പറഞ്ഞു, ഞാന്‍ നിന്നോട് ഒരു കാര്യം പറയും. പക്ഷെ തല തിരിച്ചാകും പറയുക, അര്‍ഥം മനസിലാക്കിക്കോണം. യു ലവ് ഐ! പക്ഷെ എനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവന് അവിടെ നിന്ന് ഓടിപ്പോയി. എനിക്ക് അന്ന് എട്ടു വയസ് മാത്രമായിരുന്നു പ്രായം. അന്നത്തെ ആ സംഭവത്തിന്റെ പേരില്‍ വരുണ്‍ എന്നെ ഇപ്പോഴും കളയിക്കാറുണ്ട്. -ശ്രദ്ധ പറഞ്ഞു.