കൊരട്ടി: കണ്ടംകുളത്തി വറുതുണ്ണി വല്യപ്പൻ നൂറ്റിയഞ്ചാം വയസിന്റെ പ്രഭയിൽ.ജീവിതത്തിന്റെ കല്ലും മുളളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചപ്പോഴും താങ്ങായി നിന്നത് അധ്വാനിക്കാനുളള മനസ്സും ഈശ്വരനിലുളള അചഞ്ചലമായ വിശ്വാസവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വറുതുണ്ണി വല്യപ്പൻ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കും.
തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തിൽ കുർബാനയിലും ആഴ്ചയിൽ പലവട്ടം കൊരട്ടിമുത്തിയുടെ ദേവാലയത്തിലും ചൊവാഴ്ച ദിവസങ്ങളിൽ ലത്തീൻ പളളിയിലും തിരുകർമങ്ങളിൽ സംബന്ധിക്കും. പല ദിവസങ്ങളിലും നടന്നും പരസഹായമില്ലാതെ ബസ് കയറിയുമാണ് ഈ യാത്രകളെല്ലാം.
കണ്ണടയില്ലാതെ ഇന്നും ബൈബിളും പത്രവും വായിക്കുന്ന ഇദ്ദേഹം മരുന്നുകളൊന്നും തന്നെ കഴിക്കാറില്ല. മദ്യത്തിനോടും വിമുഖതയാണ്. തിരുമുടിക്കുന്ന് പളളിയിൽ കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുളള വറുതുണ്ണി വല്യപ്പൻ നാടിന്റെ നന്മകൾക്കു വേണ്ടി ഉദാരമായി സംഭാവനകൾ കൊടുക്കാനും മടിക്കാണിക്കാറില്ല.
12ാം വയസിൽ നാലര ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹത്തിന്റെ കാർഷിക മേഖലയിലെ കഠിനാധ്വാനത്തിന്റെ ഫലമായി ഏക്കറുകണക്കിന് ഭൂമി സ്വന്തമായുണ്ട്. ഇന്നും കൃഷിയിടങ്ങളിൽ ചെന്ന് അദ്ദേഹം കാര്യങ്ങൾ അന്വേഷിക്കും.
കൊരട്ടി വാലങ്ങുമുറി സ്വദേശിയായ ഇദ്ദേഹത്തിന് നാലുആണ്മക്കളും മൂന്നുപെണ്മക്കളുമാണ്. നാലുആണ്മക്കളും അധ്യാപകരായി വിരമിച്ചവർ. ഇളയമകൻ വർഗീസിന്റെ കൂടെയാണ് താമസം. നാട്ടിലെ ചെറിയ കുട്ടികൾക്കുപോലും സുപരിചിതനാണ് സമൂഹത്തിലെ വിവിധതലങ്ങളിലുളളവർ ഏറെ ആദരവ് നൽകിയിട്ടുള്ള ഈ വറുതുണ്ണി വല്യപ്പൻ.