മുണ്ടക്കയം: ലോക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടുത്തതോടെ കോളടിച്ചത് വ്യാജമദ്യ സംഘത്തിന്. അതിൽ ചെറുകിട വാറ്റുകാർ മുതൽ വന്പൻ വ്യാജ മദ്യ നിർമാണ സംഘം വരെ. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ വ്യാജ മദ്യ നിർമാണവും വിൽപ്പനയും സജീവമായിരിക്കുകയാണ്.
മറ്റു പ്രദേശങ്ങളിലും വാറ്റ് നിർമാണം കുറവല്ല. എങ്കിലും വന്പൻ സംഘങ്ങൾ കിഴക്കൻ മേഖലയിലാണ് താവളമാക്കിയിരിക്കുന്നത്.
ദൈനം ദിനം ലക്ഷകണക്കിനു രൂപയുടെ വാറ്റാണ് മേഖലയിൽ വിൽപന പൊടിപൊടിക്കുന്നത്. പ്രഷർ കുക്കറിൽ വാറ്റുന്നവർ മുതൽ വൻ വാറ്റ് സംഘങ്ങൾ വരെ മേഖലയിൽ സജീവമാണ്.
മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ വാറ്റ് സംഘങ്ങൾ മത്സരിച്ചാണ് കച്ചവടം നടത്തുന്നത്.
കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, വല്യേന്ത, ഞർക്കാട്, പറത്താനം, വല്ലീറ്റ, കാവാലി ഭാഗങ്ങളിലും നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നു. കോരുത്തോട് പഞ്ചായത്തിലെ കൊന്പുകുത്തി ഇടവേളയ്ക്കു ശേഷം വ്യാജ വാറ്റുകാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
പണ്ടുകാലത്തു ശർക്കരയും കള്ളും ചേർത്തുള്ള വ്യാജ മദ്യമാണ് നിർമിച്ചിരുന്നതെങ്കിൽ ഇപ്പോൾ നീറ്റ് കക്കയിൽ കെമിക്കൽ ചേർത്തു രണ്ടു ദിവസം കൊണ്ടു ലഭിക്കുന്ന മാരക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യാജ മദ്യം വരെ വിപണിയിൽ സുലഭമാണ്.
ഒന്നു രണ്ടു ദിവസം കൊണ്ടു ഉണ്ടാക്കിയെടുക്കാം എന്നതും വലിയ അളവിൽ ലഭിക്കുമെന്നതുമാണ് ഈ രീതി അവലംബിക്കാൻ കാരണം. 500 മുതൽ 2,000 രൂപ വരെയാണ് ചില്ലറ കച്ചവടം.
വെള്ളൂരിൽ വ്യാജ ചാരായും വാറ്റ് ഉപകരണങ്ങളും പിടികൂടി
പാന്പാടി: ലോക്ഡൗണിനോട് അനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി.
വെള്ളൂർ വലിയ ഉഴത്തിൽ വി.എസ് ബിജു(42), എലിക്കുളം മുകളേൽ വീട്ടിൽ എൻ.കെ. പ്രസാദ്കുമാർ(45) എന്നിവരെ വിവിധ കേസുകളിലായി പാന്പാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി.
ഒരു ലിറ്റർ ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
ഇരുവർക്കെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. വ്യാജമദ്യം നിർമിച്ചു വിൽക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. വിനോദ്, ജെക്സി ജോസഫ്, അനിൽ വേലായുധൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ പവിത്രൻ, വിഷ്ണു ആർ. നായർ, ഗിരീഷ് കുമാർ, വനിത ഓഫീസർ ശ്രീജ മോഹൻ, ഡ്രൈവർ സോജി മാത്യു എന്നിവർ പങ്കെടുത്തു.
പരിശോധന ശക്തമാക്കി എക്സൈസ്
കോട്ടയം: വ്യാജമദ്യ സംഘത്തിനു പിന്നാലെ പോലീസും എക്സൈസും. ഉദ്യോഗസ്ഥർ ജില്ലയിലെങ്ങും അരിച്ചുപെറുക്കിയുള്ള പരിശോധനയിലാണ്.
ലോക്ഡൗണിനു ശേഷം വ്യാജമദ്യ സംഘം സജീവമായതോടെ രഹസ്യ സ്വഭാവത്തിൽ അന്വേഷിച്ചതിനു ശേഷം കൂട്ടമായെത്തി പ്രതികളെ പിടികൂടും.
ഫ്ളാറ്റുകൾ, വടുകൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, അടഞ്ഞു കിടക്കുന്ന അംഗൻവാടികളുടെയും വീടുകളുടെയും ടെറസ്, പാറയിടുക്ക്, റബർ തോട്ടങ്ങൾ തുടങ്ങിയ വിവിധ ഇടങ്ങളിൽ നിന്നും ഇതിനോടകം നിരവധി കേസ് പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ പിടികൂടി.
പ്രദേശവാസികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും പോലീസ് പരിശോധനകൾ നടത്താറുണ്ട്. ഇന്നലെയും ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും വ്യാജ മദ്യ സംഘം പോലീസിന്റെ പിടിയിലായി.
വ്യാജ മദ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ഫോണുകളിൽ അറിയിക്കാവുന്നതാണ്. 9400069509, 04812422741.