വാടാനപ്പള്ളി: ഗണേശ മംഗലത്ത് റിട്ടയേഡ് അധ്യാപിക വസന്ത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
വസന്ത ധരിച്ചിരുന്ന സ്വർണമാലയും ആറ് വളകളുമാണ് പ്രതി ജയരാജന്റെ വീട്ടിലെ മോട്ടോർ പുരയിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ പോലീസ് കണ്ടെടുത്തത്.
കൂടാതെ വസന്തയെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ചതെന്നു കരുതുന്ന കഠാരയും പ്രതി ധരിച്ചിരുന്ന കൈയുറയും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ പുലർച്ചയോടെ മതിൽ ചാടിക്കടന്ന് വസന്തയുടെ വീട്ടിലെത്തിയ പ്രതി കഴുത്തിൽ ഷാളിട്ട് മുറുക്കുകയും കൈയിൽ കരുതിയ കഠാര ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ശരീരത്തിൽ ആറ് തവണ കുത്തി പരിക്കേൽപ്പിച്ച പ്രതി മരണം ഉറപ്പാക്കിയ ശേഷം ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു.
പ്രതിയുടെയും മരിച്ച വസന്തയുടെയും വീടുകൾ തമ്മിൽ 500 മീറ്റർ ദൂരം മാത്രമേയുള്ളു. പ്രവാസിയും നേരത്തെ ഉയർന്ന സാമ്പത്തിക ശേഷിയുണ്ടായിരുന്ന പ്രതി ഇപ്പോൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്.
കൊലപാതകത്തിന് ശേഷം മതിൽ ചാടിക്കടന്ന് പോകുന്നതിനിടെ സംശയം തോന്നിയ മത്സ്യത്തൊഴിലാളി ചോദ്യം ചെയ്യുകയും മൊബൈലിൽ ഇയാളുടെ ചിത്രം പകർത്തിയതുമാണ് പ്രതിയെ എളുപ്പം പിടികൂടാൻ സഹായകരമായത്.