തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദന്പതികളുടെ മരണത്തിനു കാരണമായ ഭൂമി, ഉടമയായ വസന്ത പോക്കുവരവു ചെയ്തതിൽ ദുരൂഹത. ഇക്കാര്യത്തിൽ പോലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ ശിപാർശ ചെയ്തു.
ഭൂമി കൈമാറ്റത്തിൽ ചട്ടലംഘനമെന്നു റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് നൽകി. വസന്ത ചട്ടംലംഘിച്ചാണു ഭൂമി വാങ്ങിയതെന്ന ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണു ജില്ലാ കളക്ടർ പോലീസ് അന്വേഷണത്തിനു നിർദ്ദേശം നൽകിയത്.
40 വർഷം മുന്പ് ലക്ഷംവീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു.
ഇതിൽ സുകുമാരൻ നായർ എന്നയാൾക്ക് അനുവദിച്ച പട്ടയഭൂമിയാണു കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാറുടെ കണ്ടെത്തൽ.
ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണു പോലീസ് അന്വേഷണത്തിനു ജില്ലാ കളക്ടർ നവ്ജ്യോത് ഖോസെ നിർദ്ദേശം നൽകിയത്. ഭൂമി വസന്തയുടേതാണെന്നും ഇതു രാജൻ കൈയേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു.
നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെയാണു രാജനും ഭാര്യ അന്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും മരണം സംഭവിച്ചത്.
നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. ഭൂമി കൈയേറിയെന്നാരോപിച്ചു വസന്ത നൽകിയ പരാതിയെത്തുടർന്നു ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാൻ അധികൃതർ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.