തിരുവനന്തപുരം: കുടിയൊഴുപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ അയൽവാസിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്രമസമാധാന പ്രശ്നമുയർത്തിയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അയൽവാസി വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റിയത്.
നിലവിൽ ഇവർക്കെതിരേ പരാതിയൊന്നും നിലനിൽക്കുന്നില്ല. എന്നാൽ മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇവർക്കെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി.
വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
അവകാശവാദം ഉന്നയിച്ച ഭൂമി തന്റേത് തന്നെയാണെന്ന് വസന്ത നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തം ഭൂമി ലഭിക്കാൻ നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചത്.
വസ്തു വിട്ടുകൊടുക്കാൻ മക്കൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിയമവഴിയിൽ വിജയം നേടിയ ശേഷമേ ഭൂമി വിട്ടുകൊടുക്കൂ എന്നാണ് വസന്ത വ്യക്തമാക്കിയത്.
കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലീസിന്റെയും മുന്നിലാണ് ദമ്പതികളായ രാജൻ (47), അമ്പിളി (40) എന്നിവർ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
രാജന്റെ മൃതദേഹം തിങ്കളാഴ്ച തര്ക്കപ്രദേശത്തുതന്നെ സംസ്കരിച്ചിരുന്നു. ഭാര്യയുടെ മൃതദേഹം ഇന്നു വൈകിട്ട് രാജന്റെ കുഴിമാടത്തിന് സമീപം സംസ്കരിക്കും.
സംഭവത്തിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം റൂറൽ എസ്പി ബി.അശോക് അന്വേഷണം തുടങ്ങി. പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.