പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദ ചികില്‍സാ കേന്ദ്രത്തിനെതിരേ ഉയര്‍ന്ന പരാതികളില്‍ പോലീസ് അന്വേഷണം ശക്തമാകുന്നു.
ആലപ്പുഴ മാന്നാര്‍, കൊരട്ടിശേരി സ്വദേശിയുടെ പരാതിയിലാണ് ഇന്നലെ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി (ശോഭന)യും സഹായി ഉണ്ണിക്കൃഷ്ണന് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
വിഷാദരോഗത്തിനും പഠനവൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരന് പൂജകള്‍ക്കിടെ താഴെ വീണ് അലറുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും പോലീസെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും.
പിന്നീടു നടന്ന അന്വേഷണത്തിനിടെ കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് സന്നദ്ധനാണെന്ന് അറിയിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ വാസന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സര്‍പ്പദോഷത്തിനു ചികിത്സ
വിഷാദരോഗത്തിനു ചികിത്സ തേടിയെത്തിയ മാന്നാര്‍ സ്വദേശിയായ കുട്ടിക്ക് സര്‍പ്പദോഷം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് മന്ത്രവും പൂജയും ചെയ്യിച്ചതെന്നും ഇതിനായി 20,000 രൂപ കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. 2020 ഏപ്രില്‍ മാസത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.
ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഈ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ചില ദൃശ്യങ്ങളും സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.
മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ തുടര്‍ന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് വിവിധ യുവജനസംഘടനകള്‍ വാസന്തിമഠം എന്ന പേരില്‍ അറിയപ്പെടുന്ന മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുകയും കേന്ദ്രം അടിച്ചുതകര്‍ക്കുകയും ചെയ്തു.
മദ്യപിച്ച് തുള്ളും, സ്വയം നഗ്നയാവും
മലയാലപ്പുഴയിലെ വാസന്തിമഠത്തിലെ ദുര്‍മന്ത്രവാദത്തെ സംബന്ധിച്ച് പരിസരവാസികള്‍ അടക്കം നേരത്തെ പരാതി നല്‍കിയിരുന്നു.
ഇവിടെ ചികിത്സ തേടിയെത്തിയവരില്‍ ചിലരും പരാതി പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം ശക്തമായിരുന്നില്ല.
ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ ഇവിടെ നടത്തിവന്നതെന്ന ആക്ഷേപമുണ്ട്.
മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ‘ചികിത്സ’. പലതവണ പരാതിക്കൊടുത്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായതിനു പിന്നില്‍ ദുരൂഹതയണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ആഭിചാരക്രിയകള്‍ അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതായ വിവരങ്ങളേ തുടര്‍ന്ന് നേരത്തേതന്നെ പ്രതിഷേധവും നടന്നതാണ്.
പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് വരുമ്പോഴും എതിര്‍ക്കുന്നവര്‍ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നയായി നില്ക്കും. അസഭ്യവും വിളിക്കും.
ഇതോടെ പോലീസും ബുദ്ധിമുട്ടിലാകും. മാനസികനില തെറ്റിയ ആളെന്ന രീതിയില്‍ പോലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത് സ്ത്രീയുടെ ആദ്യഭര്‍ത്താവിനെയും ഇവരുടെ സഹായിയായി നിന്ന ആളെയും കാണാതായിട്ടുണ്ടെന്നും അതെല്ലാം പോലീസ് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
മന്ത്രവാദി കുമ്പഴ സ്വദേശി
കുമ്പഴ സ്വദേശിയായ ശോഭനയാണ് വാസന്തി മഠം സ്ഥാപിച്ചു ചികിത്സ തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്.
പിന്നീട് പുറത്തുനിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.
പൂക്കളും നാണയങ്ങളും എറിഞ്ഞ് ഇത്തരക്കാരുടെ വീടുകളെ ശപിക്കുന്ന രീതിയുമുണ്ടായിരുന്നു.
“സമയം അടുത്ത് വരുമ്പോള്‍ പറയാം’ എന്നായിരുന്നു ഇന്നലെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ വാസന്തിയുടെ പ്രതികരണം.
മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇവര്‍ക്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് നിരീക്ഷണത്തിലായി.
ദുര്മന്ത്രവാദത്തിന്റേതടക്കമുള്ള വീഡിയോകള്‍ ഇതില്‍ അപ് ലോഡ് ചെയ്തിരുന്നതായി പറയുന്നു. ഇവരുടെ സുഹൃത്തുക്കളെന്ന പേരില്‍ എത്തുന്ന സ്ഥിരം സന്ദര്‍ശകരെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇന്നലെ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന് ഏറെനാളായി വാസന്തിയുടെ സഹായിയായി ഒപ്പം കൂടിയ ആളാണ്.
ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു. നേരത്തെതന്നെ നിരവധി പരാതികള്‍ ഇവര്‍ക്കെതിരേ ലഭിച്ചിരുന്നു.
പോലീസ് രണ്ടുമൂന്ന് തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയില്‍ പരിശോധിക്കുമെന്നും പത്തനംതിട്ട ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.