കടമതീര്‍ക്കലല്ല.. ആത്മാര്‍ഥതയോടെ ശുശ്രൂഷ ചെയ്യുകയെന്നതാണ് പ്രധാനം. അതു നമ്മുടെ ഉള്ളില്‍ നിന്നു വരുന്നതാണ്. സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം അതാണ്.’ പറയുന്നത് വസന്തി ലാറ.
കോവിഡിനെതിരേ പോരാടി ദേശീയ ശ്രദ്ധയും പുരസ്‌കാരങ്ങളും നേടിയ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍.
കോവിഡ് ഭയന്ന് മാസ്‌കും സാനിറ്റൈസറുമായി കഴിയുകയാണ് നമ്മില്‍ പലരും. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വരുന്ന കോവിഡ് വിശേഷങ്ങള്‍ അറിഞ്ഞും ഫോര്‍വേഡ് ചെയ്തും ഒരു കാലം.
എന്നാല്‍, ആലപ്പുഴയിലെ വസന്തി ലാറ എന്ന നഴ്‌സ് ലോക്ഡൗണ്‍ കാലം മുതലേ ഒരു പോരാട്ടത്തിലായിരുന്നു. കോവിഡിനെ തുരത്താന്‍ അതിനെ മുഖാമുഖം നേരിടാന്‍ മുന്നിട്ടിറങ്ങി.
എത്ര വൈകിയാലും വീഴ്ച കൂടാതെ ശുശ്രൂഷിച്ചും അതിസൂക്ഷ്മവശങ്ങള്‍ പോലും അപഗ്രഥിച്ചും ജാഗ്രതയോടെയുള്ള കോവിഡ് യുദ്ധം.
എത്രപേരാണ് ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയത്.
നമ്മള്‍ പറയും, ഒരു ജീവന്‍ രക്ഷിച്ചയാളെ ഹീറോയെന്ന്. എന്നാല്‍ എത്രയോ പേരുടെ ജീവന്‍ രക്ഷിക്കുന്നയാളിന്റെ പേരാണ് നഴ്‌സ്.
ചികിത്സയില്‍ ഡോക്ടറാണ് തലച്ചോറെങ്കില്‍ അതിന്റെ ഹൃദയം നഴ്‌സാണ്. ഹൃദയപൂര്‍വമുള്ള ഈ നഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.
ഊണും ഉറക്കവും ഇല്ലാതെ
ജനറല്‍ ഹോസ്പിറ്റലിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നതാണ് വസന്തി ലാറയുടെ തസ്തികയെങ്കിലും ഒരു സാധാരണ ആരോഗ്യപ്രവര്‍ത്തകയെപോലെ ഊണും ഉറക്കവും വിട്ട് എന്തു ജോലിയും സ്വയം മറന്നു ചെയ്യുന്ന പ്രകൃതം.
കോവിഡുമായി ബന്ധപ്പെട്ട് ലോകം വിറങ്ങലിച്ചു നിന്നിരുന്ന സമയത്ത് രാത്രിയെന്നോ പകലെന്നോ ഇല്ലാതുള്ള സേവനം. കോള്‍ സെന്ററിലേതെന്ന പോലെ സ്വന്തം ഫോണിലേക്ക് എവിടന്നെല്ലാം വരുന്ന വിളികള്‍.
എല്ലാവര്‍ക്കും ആശ്വാസം.. ആത്മധൈര്യം.. ആവിശ്വാസം.. അതെല്ലാമാണ് ലാറ നഴ്‌സിന്റെ ട്രീറ്റ്‌മെന്റ് ക്രമീകരണങ്ങള്‍ക്കൊപ്പമുള്ള കാര്യങ്ങള്‍.
ജീവിതം കൃത്യനിര്‍വഹണമെന്നും ജോലി ആത്മസമര്‍പ്പണമെന്നും കരുതുന്ന ഈ നഴ്‌സിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു വ്യത്യസ്ത അനുഭവം തോന്നും.
സംസാരിക്കാനും ശുശ്രൂഷിക്കാനും സഹായിക്കാനുമാണ് ഈ നഴ്‌സിന് ആഗ്രഹം. അതുകൊണ്ടു മാത്രമാണത്രെ, വസന്തി ലാറ നഴ്‌സ് ആയത്.
2019 ജനുവരിയില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്യുന്നതു മുതല്‍ ഈ നഴ്‌സ് കോവിഡിനു പിറകെയുണ്ട്. പിന്നീട് ആലപ്പുഴ കേസ് വന്നു. അതു പിന്നെ പലരിലേക്ക്…
എന്താ ഏതായെന്ന് നിശ്ചയമില്ലാതെ പടരുന്നനേരത്ത്.. പതറാതെ, പരുങ്ങാതെ കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും ശ്രദ്ധയൂന്നി നീങ്ങുകയായിരുന്നു വസന്തി ലാറ.
ഒരു നഴ്‌സ് എന്നാല്‍ തന്റെ ദു:ഖങ്ങളും പ്രശ്‌നങ്ങളും അടക്കിനിര്‍ത്തി മറ്റുള്ളവരുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തുന്ന വരാണെന്ന് നമുക്കറിയാം. മുന്‍പരിചയമില്ലാത്ത ഈ മഹാമാരിയെയും അതേ മനോഭാവത്തില്‍ തന്നെയാണ് ഇവര്‍ നേരിട്ടത്.
പുരസ്‌കാരത്തിലേക്ക്
ദേശീയ വനിതാ കമ്മീഷന്റെ ”കോവിഡ് വിമന്‍ വാരിയേഴ്‌സ്, ദ റിയല്‍ ഹീറോ” പുരസ്‌കാരമാണ് ഇവരെ തേടിയെത്തിയത്. ഈ അംഗീകാരമൊന്നും പ്രതീക്ഷിച്ചല്ല തന്റെ പ്രവര്‍ത്തനം എന്നു വസന്തി ലാറ പറയുന്നു.
”എന്റെ മഹത്വം എന്റെ കൈയില്‍ എന്തുണ്ട് എന്നതിലല്ല. ഞാന്‍ എന്തു നല്‍കുന്നുവെന്നതിലാണ്. ഉളളില്‍ നിന്ന് ആത്മാര്‍ഥതയോടെ സേവനം ചെയ്യുക.. അതാണ് പ്രധാനം.” വസന്തി ലാറയുടെ വാക്കുകളിങ്ങനെയാണ്.
മറ്റു ജില്ലകളില്‍ നിന്ന് ഡോക്ടര്‍മാരുടെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോഴും കേരളത്തില്‍ നിന്ന് ഈ അവാര്‍ഡ് നേടിയ ഏക വ്യക്തിയായി വസന്തി ലാറ മാറിയത് അതുകൊണ്ടാവാം.
ആലപ്പുഴ ഡിഎംഒ ഡോ.എല്‍ അനിതകുമാരിയിലൂടെയാണ് ഈ നിയോഗം ലാറയില്‍ എത്തുന്നത്. ചൈനയില്‍ നിന്നു വന്ന കുട്ടിയുടെ കൂട്ടുകാരി ആലപ്പുഴക്കാരിയായിരുന്നു.
താമരക്കുളം ആണ് സ്ഥലം. ആ കുട്ടിയെയാണ് ലാറയുടെ നേതൃത്വത്തില്‍ ആദ്യം ക്വാറന്‍ൈറന്‍ ചെയ്തത്. ആ കുട്ടിയുടെ സഹോദരി കൊട്ടാരം പാലത്തിനടുത്താണ് താമസം.
അവരെയും നോക്കി. തുടര്‍ന്ന് അഞ്ചു പേര്‍ക്ക് ആലപ്പുഴയില്‍ കോവിഡായി. പിന്നീടങ്ങ്, ആശങ്കകളുടെയും പരിശോധനകളുടെയും നിയന്ത്രണങ്ങളുടെയും ഒരു കാലമായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ ലാറയുടെ കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു .
ആരോഗ്യമേഖലയിലേക്ക്
വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 1989 ല്‍ എംപ്ലോയ്‌മെന്റ് വഴി മലപ്പുറത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററിലായിരുന്നു ആദ്യ ജോലി.
നഴ്‌സിംഗ് കരിയറില്‍ തുടക്കം അവിടെ. 1991 ല്‍ പിഎസ്‌സി നിയമനം. അതു പാലക്കാടായിരുന്നു. 2015 ലാണ് ആലപ്പുഴയിലെത്തുന്നത്.
ഈ നേട്ടങ്ങളും സേവനങ്ങളും തന്റെ കഴിവല്ല, തനിക്കു ലഭിക്കുന്ന പിന്തുണയ്ക്കുള്ള പ്രതികരണമാണെന്നും ഇവര്‍ പറയുന്നു. ആലപ്പുഴ ഡിഎംഒ എല്‍.
അനിതകുമാരിയാണ് തന്നെ പൊതുജനവിഭാഗം എല്‍എച്ച്‌ഐ യായി നിയമിച്ചതെന്നും അന്നുമുതല്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ലാറ പറയുന്നു. കോവിഡ് കാര്യത്തില്‍ എല്ലാ രീതിയിലും തുടങ്ങി വാക്‌സിനേഷന്‍ വരെയുള്ള കാര്യങ്ങളില്‍ സജീവമാണ് ഇപ്പോള്‍.
‘അന്ന് ആശങ്കയും ആകുലതയും നിറഞ്ഞ കാലത്ത് ഡിഎംഒ ലെവലില്‍ നിന്നൊക്കെ എന്തു കാര്യത്തിനും എന്റെ ഫോണ്‍ നമ്പരാണ് കൊടുത്തിരുന്നത്.
എത്രയോ പേരാണ് വിളിക്കുന്നതും അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ കരുതലോടെ കൊടുത്തതും. എല്ലാം വലിയ അനുഭവമായിരുന്നു. അവിടെ ഡ്യൂട്ടി എന്നതല്ല സഹായിക്കുക എന്നതു മാത്രമാണ് മുന്നില്‍ ഉണ്ടായത് വസന്തി ലാറ പറഞ്ഞു.’
കണ്ടും കേട്ടും ചെയ്തും സ്വയം പാഠം പഠിച്ചുമൊക്കെയാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. അന്ന് മന്ത്രി ശൈലജ ടീച്ചറും ഒരു അവാര്‍ഡ് നല്‍കിയിരുന്നു.
ഏതാണ്ട് 40,000 ലധികം പേരെ കോവിഡ് സെന്ററിലാക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. ഇപ്പോഴും വാക്‌സിനേഷന്‍ കാര്യങ്ങളുമൊക്കെയായി ഇടതടവില്ലാതെ സജീവമാണ് ലാറ.
കുടുംബം
ആലപ്പുഴ മുല്ലയ്ക്കല്‍ വാര്‍ഡില്‍ സാറ വില്ലയില്‍ ഷെബീര്‍ ഖാനാണ് ഭര്‍ത്താവ്. സാറ ലാറ ഖാന്‍ (യൂറോപ്പില്‍ എംബിബിഎസ് വിദ്യാര്‍ഥി), ഇസ്മയില്‍ ഷബീര്‍ (ദന്ത ഡോക്ടര്‍) എന്നിവരാണ് മക്കള്‍.
-എം. ജോസ് ജോസഫ്