പത്തനംതിട്ട: മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദ ചികിത്സയുടെ പേരില്‍ അറസ്റ്റിലായ വാസന്തിയുടെ നേതൃത്വത്തിൽ നടന്നതായി പറയുന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങളിലെ ഇരയായ യുവതി പോലീസിനെ സമീപിച്ചു. ഇവരുടെ പരാതി സ്വീകരിച്ച് വാസന്തിക്കെതിരേ മറ്റൊരു കേസു കൂടി എടുത്തതായി പോലീസ്.
ഇതിനിടെ നേരത്തേയുള്ള കേസിൽ വാസന്തിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. രണ്ടാമതൊരു കേസ് കൂടി ഇവർക്കെതിരേ എടുത്തതിനാൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി(ശോഭന-52)യെയും സഹായി ഉണ്ണിക്കൃഷ്ണ(31)നെയും വ്യാഴാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മഠത്തിലെ ജോലിക്കായെത്തിയ യുവതിക്ക് പ്രേതബാധയുണ്ടെന്നു പറഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു.
ദൃശ്യങ്ങളിൽ കാണുന്ന യുവതി ഇലന്തൂർ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചു.
പ്രേതബാധ ഒഴിപ്പിക്കാൻ തന്റെ പക്കൽ നിന്ന് 50,000 രൂപ ആവശ്യപ്പെട്ടതായും യുവതി പരാതിയിൽ പറയുന്നു. തനിക്ക് ഒരു ബാധയുമില്ലെന്ന് യുവതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടും വാസന്തി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ആ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
വിഷാദ രോഗത്തിനും പഠന വൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരന് പൂജകള്‍ക്കിടെ താഴെ വീണ് അലറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും പോലീസെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും.
കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തതോടെ വാസന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ഇവര്‍ക്കെതിരേ വിവിധ സ്ഥലങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. മഠത്തിന്റെ വളപ്പില്‍ കയറിയ കുട്ടികളടക്കമുള്ളവരെ നായയെ തുറന്നുവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതടക്കം പരാതിയുണ്ട്.