പത്തനതിട്ട: വിഷാദരോഗത്തിനും പഠനവൈകല്യത്തിനുമായി പ്രതിവിധി തേടിയെത്തുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ചികിത്സിക്കുന്ന രീതിയാണ് മലയാലപ്പുഴ വാസന്തിമഠത്തിൽ ശോഭനയുടേത്.
പൂജകൾക്കിടെ കുട്ടി താഴെവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് മലയാലപ്പുഴ പൊതിപ്പാട് ലക്ഷം വീട് കോളനിയിൽ വാസന്തിമഠത്തിൽ ശോഭന തിലകി(വാസന്തി, 51)നെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തത്.
മാന്നാർ സ്വദേശിയായ കുട്ടിക്ക് 2020 ഏപ്രിലിൽ ഒരു ദിവസം രാത്രി പൂജ നടത്തുന്ന രംഗങ്ങളാണ് ഇന്നലെ പുറത്തുവന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
അന്ന് കുട്ടിക്ക് പതിനേഴ് വയസായിരുന്നു. മന്ത്രവാദം കഴിഞ്ഞ് 20,000 രൂപയും കൈപ്പറ്റി. കുട്ടിയുടെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അന്നത്തെ പതിനേഴുകാരൻ ഇന്ന് പ്രായപൂർത്തിയായിട്ടുണ്ട്. വാസന്തിക്കൊപ്പമുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണ(31)നെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഭീഷണിയും ശാപവും ! ശല്യം സഹിക്കവയ്യാതെ നാട്ടുകാർ
വാസന്തി മഠത്തിൽ വർഷങ്ങളായി തുടരുന്ന ദുർമന്ത്രവാദം നടത്തുന്നത് ചോദ്യം ചെയ്യുന്ന പ്രദേശവാസികളെ ഭീഷിണിപ്പെടുത്തിയിരുന്നതായും പരാതിപറയുന്നവരുടെ വീടിനു മുന്പിൽ പൂവും എള്ളും ഇടുകയും, നാല്പത്തിയൊന്നാം ദിവസം മരിച്ചു പോകുമെന്നതടക്കം ശാപവാക്കുകൾ വിളിച്ചുപറയുകയും പതിവായിരുന്നു.
ഗുണ്ടകളെ ഉപയോഗിച്ച് ഭീഷിണിപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറഞ്ഞിരുന്നതായും പരിസരവാസികൾ പറയുന്നു.
രാത്രികാലങ്ങളിൽ ഇവിടെ നിന്നും അലർച്ചയും നിലവിളികളും കേട്ടിരുന്നതായും പോലീസിനോടു നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാവിലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ കാണാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു.
മന്ത്രവാദത്തേ തുടർന്ന് കുട്ടി താഴെ വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
മഠത്തിന്റെ മുറ്റത്തു കടന്ന പ്രതിഷേധക്കാർ കെട്ടിടത്തിനു നാശമുണ്ടാക്കി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറും സംഘവും വനിതാ പോലീസിനെ വിളിച്ചുവരുത്ത വാസന്തിയെ കസ്റ്റഡിയിലെടുക്കുകയും മഠം പൂട്ടുകയുമായിരുന്നു. ഇതോടെയാണ് പ്രതിഷേധം ശമിച്ചത്.
വാസന്തി കുന്പഴ സ്വദേശി
കുമ്പഴ സ്വദേശിയായ വാസന്തി കഴിഞ്ഞ പത്തു വർഷങ്ങളായി വാസന്തിമഠം എന്ന പേരിൽ വീട് വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു.
ദൂര സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നത്. ഫേസ്ബുക്ക് വഴിയും ഇവർ വാസന്തി മഠത്തിനു പ്രചാരം നൽകിയിരുന്നു.