പത്തനംതിട്ട: മലയാലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വാസന്തി മഠത്തില്‍ ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങളെന്ന് ആരോപിച്ച് യുവജന സംഘടനകളുടെ മാര്‍ച്ച്.
മാര്‍ച്ചിനെത്തുടര്‍ന്ന് വാസന്തിമഠത്തിനുനേരെ ആക്രമണം. സ്ഥലത്തെത്തിയ പോലീസ് സംഘം മന്ത്രവാദം നടത്തിവന്നയാളെന്നു കരുതുന്ന വാസന്തിമഠം ഉടമ ശോഭനയെ കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടികള്‍ക്കുനേരെ ക്രൂരമായ തരത്തില്‍ മന്ത്രവാദം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് യുവജനസംഘടനകളുടെ ഇടപെടലുകളുണ്ടായത്.
വിശദവിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നുരാവിലെയാണ് ഇവരുടെ മഠത്തിലേക്കു ആദ്യം മാര്‍ച്ച് നടത്തിയത്.
പിന്നാലെ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. പത്തുമണിയോടെ പോലീസ് സ്ഥലത്തെത്തി ശോഭനയെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചെങ്കിലും പ്രതിഷേധം ശമിച്ചിട്ടില്ല.
വനിത പോലീസ് അടക്കം കൂടുതല്‍ പോലീസ് സ്ഥലത്തേക്കെത്തിയിട്ടുണ്ട്. മഠം കേന്ദ്രീകരിച്ച് മന്ത്രവാദം നടക്കുന്നതായ പരാതി നേരത്തെ ഉണ്ടായിരുന്നു.
മുമ്പ് പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ അസഭ്യം പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് ഉണ്ടായത്.
സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് പത്തനംതിട്ട ഡിവൈഎസ്പിയോടു നിര്‍ദേശിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.