കോട്ടയം: ചലനശേഷി നഷ്ടപ്പെട്ട യുപി സ്കൂള്‍ വിദ്യാര്‍ഥിയായ ശ്രീഹരിക്കു പുത്തന്‍ സ്മാര്‍ട്ട് ടിവി സമ്മാനമായി നല്കി മന്ത്രി വി.എന്‍. വാസവന്.
കോട്ടയം പാറമ്പുഴ സ്വദേശിയായ അജിത്കുമാറിന്റെയും പ്രീതയുടെയും മകനാണ് ശ്രീഹരി. പുത്തേറ്റ് സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീഹരി.
സ്കൂളില്‍ ഒപ്പമുള്ളവര്‍ പരിഹസിക്കുന്നു, പരാതി പറഞ്ഞിട്ട് ആരും പരിഗണിക്കുന്നില്ല എന്ന പരാതിയുമായാണ് ചലനശേഷിയില്ലാത്ത ശ്രീഹരിയെയും എടുത്തുകൊണ്ടു അമ്മ പ്രീതി കഴിഞ്ഞ രണ്ടിന് കോട്ടയത്തു നടന്ന താലൂക്ക് അദാലത്തില്‍ മന്ത്രി വി.എന്‍. വാസവനു മുന്നിലെത്തിയത്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനല്‍കിയാണ് ശ്രീഹരിയേയും അമ്മ പ്രീതിയേയും മന്ത്രി മടക്കി അയച്ചത്.
ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ചു വേണ്ട നടപടി എടുക്കണമെന്നു വിദ്യാഭ്യാസവകുപ്പ് അധികൃതരോടും സ്കൂള്‍ അധികൃതരോടും മന്ത്രി അന്നുതന്നെ നിര്‍ദേശിച്ചു.
ശ്രീഹരിക്ക് വികലാംഗ കോര്‍പറേഷനില്‍നിന്ന് വീല്‍ചെയറും ലഭ്യമാക്കിയിരുന്നു. ഇതിനിടെയാണ് ശ്രീഹരിയുടെ വീട്ടില്‍ ടിവി പോലും ഇല്ലെന്ന് മന്ത്രി വി.എന്‍. വാസവന് അറിഞ്ഞത്.
ഇന്നലെ ഉച്ചയോടെ പാറമ്പുഴ വനംവകുപ്പ് ഓഫീസിനു സമീപമുള്ള ശ്രീഹരിയുടെ വീട്ടിലെത്തിയ മന്ത്രി വി.എന്‍. വാസവന് പുത്തന്‍ ടിവിയാണ് സമ്മാനിച്ചത്.
ഏറെ നേരം ശ്രീഹരിക്കൊപ്പം ചെലവഴിച്ച മന്ത്രി വാര്‍ത്താചാനലില്‍ ശ്രീഹരിയുടെ ദൃശ്യങ്ങള്‍ വന്നതു പുത്തന്‍ ടിവിയില്‍ കാട്ടിക്കൊടുത്തശേഷമാണ് മടങ്ങിയത്. കേരളാ വിഷന്റെ നേതൃത്വത്തില്‍ ശ്രീഹരിയുടെ വീട്ടില്‍ സൗജന്യമായി കേബിള്‍ കണക്ഷനും നല്കി.