കോട്ടയം:കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനു മുൻപേ സിപിഎം പ്രചാരണം തുടങ്ങിയിരുന്നു. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചെറു ബുക്കുകളും നോട്ടീസുകളും വീടുകളിൽ എത്തിച്ചാണ് സിപിഎം കളത്തിലിറങ്ങിയത്. രണ്ടുവട്ടം പ്രവർത്തകർ ഇതിനകം വീടുകൾ സന്ദർശിച്ചു. ഇതിനിടെ കുടുംബ യോഗങ്ങൾ നടത്തി നേതാക്കളും പ്രചാരണം ആരംഭിച്ചിരുന്നു.
ഇടതു സ്ഥാനാർഥി വി.എൻ. വാസവനും പ്രചാരണ രംഗത്ത് സജീവമായി. ഇന്നലെയും അദ്ദേഹത്തിന് തിരക്കിന്റെ ദിവസമായിരുന്നു. നേരിട്ടും ഫോണിലൂടെയും വാസവൻ വോട്ടു തേടി. പ്രാദേശിക നേതാക്കളെയെല്ലാം നേരിൽ കണ്ടും ഫോണിൽ കൂടിയും സംസാരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കൾ സ്ഥാനാർഥി വിലയിരുത്തി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്തുകളും ഫ്ളക്സ് ബോർഡുകളും നിരന്നിട്ടുണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായി ഓഫീസുകളും തുറന്നു.
ഇന്നു രാവിലെ മുതൽ വൈക്കം ടൗണിൽ പരസ്യ പ്രചാരണം ആരംഭിച്ചു. നിരവധി ഇടതു മുന്നണി പ്രവർത്തകർക്കൊപ്പം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിക്കും. സമൂഹമാധ്യമങ്ങളിലും പ്രചാരണം സജീവമാണ്. ഇതിനായി പ്രത്യേക ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ആരെന്ന് രണ്ടുദിവസത്തിനുള്ളിൽ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് എമ്മിനു ഒരു സീറ്റ് മതിയെന്നും അതു കോട്ടയം തന്നെയായിരിക്കുമെന്നും ഇന്നലെ ചേർന്ന കേരള കോണ്ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. കോട്ടയത്തെ സ്ഥാനാർഥി നിർണയവും പ്രഖ്യാപനവും നടത്താൻ പാർട്ടി ചെയർമാൻ കെ.എം. മാണിയെ യോഗം ചുമതലപ്പെടുത്തി.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയത്തു ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ അറിയിച്ചു. ഇന്നലെ രാവിലെ പാലായിൽ കെ.എം. മാണിയുടെ വസതിയിൽ നടന്ന പാർട്ടി പാർലമെന്റററി പാർട്ടി യോഗത്തിലും പി.ജെ. ജോസഫ് ഇതേ നിലപാട് ഒൗദ്യോഗികമായി നേതൃത്വത്തെ അറിയിച്ചിരുന്നു.
പാർട്ടി നേതാക്കളോടും കോട്ടയം ലോക്സഭാ മണ്ഡലത്തിലെ നിയോജക മണ്ഡലം നേതാക്കളോടും കൂടിയാലോചിച്ച് ശേഷമേ സ്ഥാനാർഥി കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് യോഗത്തിനു ശേഷം കെ.എം. മാണി മാധ്യമങ്ങളോടു പറഞ്ഞു. രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. 100 അംഗ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ 90 പേർ പങ്കെടുത്തിരുന്നു. കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോയി ഏബ്രഹാം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.