സ്വന്തം ലേഖകൻ
കോട്ടയം: കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ കൃഷ്ണപിള്ളയുടെ ജൻമനാട്ടിൽ, വൈക്കത്തിന്റെ മണ്ണിൽ വിപ്ലവ പാർട്ടിയുടെ അമരക്കാരൻ എത്തിയത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. കോട്ടയം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈക്കം ബോട്ടു ജെട്ടിയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയത്.
വൈക്കത്തെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരൻമാരെ എന്നു മലയാളത്തിൽ പറഞ്ഞുകൊണ്ടായിരുന്നു യെച്ചൂരി പ്രസംഗം തുടങ്ങിയത്. ഹർഷാരവത്തോടെയാണ് സമ്മേളനവേദി ഇതിനെ സ്വീകരിച്ചത്. എന്റെ മാതൃഭാഷ തെലുങ്കാണെന്നും മലയാളം ശരിക്കും അറിയില്ലെന്നും ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
വൈക്കത്ത് മഹാത്മാഗാന്ധി വന്നതും ഇ.പി. രാമസ്വാമി നായക്കർ അടക്കമുള്ളവർ വൈക്കത്തിന്റെ മണ്ണിൽ നടത്തിയ പോരാട്ടങ്ങളും യെച്ചൂരി പ്രസംഗത്തിൽ ഓർമിപ്പിച്ചു. സ്വാതന്ത്യ സമരത്തിൽ വൈക്കത്തിന്റെ പങ്ക്, വൈക്കം സത്യഗ്രഹം, തീണ്ടലിലും തൊടിലിനുമെതിരെ വൈക്കത്തു നടന്ന പ്രക്ഷോഭം എന്നീ കാര്യങ്ങളും യെച്ചൂരി പ്രസംഗത്തിൽ പലതവണ ആവർത്തിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. അനിൽകുമാറാണ് യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ആലപ്പൂഴയിലെ പ്രചാരണ പരിപാടികൾക്കു ശേഷം ഇന്നലെ വൈകുന്നേരം 4.30നാണ് യെച്ചൂരി വൈക്കത്ത് എത്തിയത്.ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വയനാട്ടിൽ ഇറങ്ങിയിരിക്കുന്ന കോണ്ഗ്രസ്, ബിജെപി വിരുദ്ധ പോരാട്ടത്തിൽ വെള്ളം ചേർക്കുകയാണെന്നു സീതാറാം യെച്ചൂരി പ്രസംഗത്തിൽ പറഞ്ഞു. കോണ്ഗ്രസ് നയിക്കുന്ന യുഡിഎഫിനെ കേരളത്തിലും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ കേന്ദ്രത്തിലും എതിർക്കുമെന്നും യെച്ചൂരി പറഞ്ഞു.
2004 ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നയിക്കുന്ന മുന്നണിയായിരിക്കും കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് അറിയാമായിട്ടും ഇടതുപക്ഷത്തിനു 20ൽ 18 സീറ്റു നൽകിയ സംസ്ഥാനമാണ് കേരളം. അന്നത്തെ യുപിഎ ഗവണ്മെന്റ്ിൽ നിർണായകമായ സമ്മർദ്ദം ചെലുത്താൻ സിപിഎമ്മിനും ഇടതുപക്ഷത്തിനുമായിട്ടുണ്ട്. വിവരാവകാശനിയമം, തൊഴിലുറപ്പു പദ്ധതി, വനാവകാശനിയമം, ഭക്ഷ്യസുരക്ഷ പദ്ധതി, വിദ്യാഭ്യാസ അവകാശനിയമം തുടങ്ങിയ ഇടതുപക്ഷത്തിന്റെ ഇടപെടൽ മൂലം ഉണ്ടായതാണ്.
വീണ്ടും ഇടതുപക്ഷ ബദൽ എന്ന ആവശ്യകതയിലേക്ക് എത്തിയിരിക്കുകയാണെന്നും കേരളത്തിലെ 20 സീറ്റിലും ഇടതുപക്ഷം വൻ വിജയം നേടുമെന്നും യെച്ചൂരി പറഞ്ഞു. ഹിന്ദുഭീകരത എന്നു പ്രതിപക്ഷം പറഞ്ഞതായി പ്രധാനമന്ത്രി മോദി കള്ളപ്രചാരണം നടത്തുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
ആദ്യം ശത്രുരാജ്യത്തിൽ നിന്നും ഭൂമിയെയും ആകാശത്തേയും രക്ഷിക്കുന്ന കാവൽക്കാരൻ എന്നു സ്വയം പറഞ്ഞ പ്രധാനമന്ത്രി മിസൈൽ പരീക്ഷണത്തിലൂടെ ബഹിരാകാശത്തിന്റെയും കാവൽക്കാരനാണെന്നു പറഞ്ഞിരിക്കുകയാണ്. ബഹിരാകാശ കാവൽക്കാരനായ പ്രധാനമന്ത്രി ബഹിരാകാശത്ത് നിന്നാൽ മതി ഇനി മടങ്ങി വരേണ്ടെന്നും യെച്ചൂരി പരിഹസിച്ചു.
എൽഡിഎഫ് വൈക്കം മണ്ഡലം പ്രസിഡന്റ് പി. സുഗതൻ അധ്യക്ഷത വഹിച്ചു. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ, സ്ഥാനാർഥി വി.എൻ. വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, പി.കെ. ഹരികുമാർ, എ.വി. റസൽ, സി.കെ. ആശ എംഎൽഎ എൽഡിഎഫ്് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.