കൊച്ചി: ചികിത്സാ സഹായത്തിനായി അക്കൗണ്ടിലെത്തിയ തുക കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്തതിന് കണ്ണൂർ തളിപ്പറന്പ് സ്വദേശിനിയായ വർഷ എന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വർഷയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതു സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പോലീസ് വിശദമായി പരിശോധിക്കുന്നു.
600 ഓളം പേജുകളുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ഇതുവരെ പരിശോധിച്ചതില്‍നിന്നും ആരും കൂടുതലായി പണം നല്‍കിയതായി കണ്ടെത്തിയിട്ടില്ലെന്ന് എസിപി കെ. ലാല്‍ജി പറഞ്ഞു.
യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് അക്കൗണ്ടിലേക്ക് വന്‍ തുക വന്നതു സംബന്ധിച്ചും വിശദമായി പരിശോധിച്ചുവരികയായിരുന്നു. വലിയൊരു തുക എത്തിയതിനു പിന്നില്‍ ഹവാല ഇടപാടാണെന്ന രീതിയിലാണ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ കേസില്‍ ഹവാല ബന്ധമുള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധന പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായതിന് ശേഷമേ ഹവാല ഇടപാടുകള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു.
യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സന്നദ്ധപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ ഉടന്‍ ചോദ്യം ചെയ്യും. സാജന് കേച്ചേരി, സലാം, ഷാഹിദ് എന്നിവരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു.
യുവതിയെ ഫോണില്‍ വിളിച്ചുവെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ലഭിച്ച തുകയില്‍ ഒരു വിഹിതം മറ്റു രോഗികളുടെ ചികിത്സക്കായി നല്‍കണമെന്നാവശ്യപ്പെട്ട് വിളിച്ചതെന്നാണ് ഇവരുടെ വിശദീകരണം. ഇതിന്റെ വസ്തുതയും പോലീസ് പരിശോധിക്കും.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി സമൂഹമാധ്യമങ്ങളിലൂടെയുള്ള വര്‍ഷയുടെ സഹായമഭ്യര്ഥനയെത്തുടര്ന്ന് 1.35 കോടി രൂപയോളമാണ് സഹായമായി എത്തിയത്.
ഇടപ്പള്ളി അമൃത ആശുപപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ അമ്മയ്ക്ക് കരള്‍ പകുത്തു നല്കിയ വര്‍ഷ വിശ്രമത്തിലാണ്. പോലീസ് നേരിട്ടെത്തി വര്‍ഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.