വാസു അണ്ണൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മലയാള സിനിമയിലെ ട്രോൾ രാജാക്കന്മാരായ രമണനെയും ദശമൂലം ദാമുവിനെയുമൊക്കെ കടത്തിവെട്ടിയാണ് വാസു അണ്ണന്റെ മുന്നേറ്റം.
കുഞ്ഞിക്കൂനൻ സിനിമയിൽ സായ് കുമാർ ചെയ്ത വില്ലൻ വേഷവും നായികയായ മന്യ അവതരിപ്പിച്ച പ്രിയയെന്ന കഥാപാത്രവുമായുള്ള പ്രണയവും വിവാഹവുമാണ് ട്രോളുകളായി ഇപ്പോൾ പ്രചരിക്കുന്നത്. വാസുവും പ്രിയയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി എന്ന തരത്തിൽ നടത്തിയ ഭാവനാ സൃഷ്ടികളായിരുന്നു ട്രോളുകൾ.
എന്നാൽ ഇതിനെ വിമർശിച്ച് നടി രേവതി സന്പത്ത് രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ട്രോളിനോട് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മന്യ പ്രതികരിച്ച ശൈലിയെ വിമർശിച്ചും രംഗത്തു വന്നിരിക്കുകയാണ് രേവതി.
നർമത്തിൽ പൊതിഞ്ഞ തരത്തി വായിരുന്നു മന്യയുടെ പ്രതികരണം. രേവതി യുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
സിനിമയിൽ ഒത്തിരി കഥാപാത്രങ്ങൾ അഭിനയിച്ച അനുഭവസമ്പത്തുള്ള നടിയാണ് മന്യ.
പക്ഷേ ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണ്.
എന്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കാത്തതുകൊണ്ടും എനിക്കൊന്നും അതിൽ ചെയ്യാനില്ലാത്തതുകൊണ്ടും ഞാനിതിനെ സിംപിൾ ആയി എടുക്കുന്നു എന്നാണ് താങ്കൾ പറയുന്നത്.
ഇതിലൊരു പ്രശ്നമുണ്ടെന്നും ഞാൻ അതിൽ നിസഹായയാണെന്നും താങ്കൾ പറയാതെ പറയുന്നുണ്ട്. താങ്കളുടെ വ്യക്തി ജീവിതത്തിൽ മാത്രമല്ല താങ്കളുടെ സിനിമകൾ ഒതുങ്ങുന്നത്.
സിനിമ എത്രയോ മനുഷ്യരുടെ ഭൗതിക-വൈകാരിക ഇടങ്ങളെ സ്വാധീനിക്കുന്ന കലയാണ്. താങ്കൾക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെ എസ്കേപിസം മാത്രമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാതിരുന്നെങ്കിൽ തന്നെ ഒരു കലാകാരി എന്ന നിലയിൽ താങ്കളുടെ കടമ നിർവഹിക്കപ്പെട്ടേനെ.
പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് താങ്കൾക്ക് ഇതിൽ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്.
റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല. ഹാഷ് ടാഗിൽ troll, comedy എന്നൊക്കെ വെച്ചാലും അത് കോമഡിയാകില്ല.
രണ്ടാമത്തെ പടത്തിൽ Me and My Hubby watching Vasu Anna’s scary love story എന്നാണ് ക്യാപ്ഷൻ. പീഡനത്തെ പ്രണയമാക്കാൻ ശ്രമിക്കുന്നതും Scary Love Story ആക്കി മാറ്റാനും ശ്രമിക്കുന്നത് എത്രമാത്രം മനുഷ്യവിരുദ്ധമാണ്. ശെരിക്കും ഞെട്ടിപ്പോയി. “Love Story’ എന്ന് കേട്ടിട്ടും നിങ്ങൾക്ക് ഇപ്പോഴും ഇതിനെ ന്യായീകരിക്കാൻ തോന്നുന്നുണ്ടോ?
ഇത് പറയുമ്പോൾ നടിയെ പറഞ്ഞു, ട്രോളിനെ സീരിയസാക്കി എന്നൊക്കെ പറയുന്നതിനു മുമ്പേ ആലോചിക്കുക നിങ്ങളുടെ ഓരോ തമാശയും എത്രമാത്രം സമൂഹത്തിന്റെ റേപ്പ് കൾച്ചറിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന്.
തന്റെ സൃഷ്ടി ഉദ്ദേശ്യത്തിൽ നിന്ന് വ്യതിചലിച്ചു പോകുമ്പോൾ അതിനെ ലൈറ്റാക്കി പോട്ടേന്ന് ന്യായീകരിക്കലാണ് കലാകാരന്റെ ദൗത്യമെങ്കിൽ അത്തരം വീഡ്ഢിത്തങ്ങളെ താങ്ങാൻ സാധിക്കുകയില്ല.
നടിക്കില്ലാത്ത എന്തു കുരുവാണ് നിങ്ങൾക്ക് എന്ന് ചോദിക്കുന്നവരോടാണ്, നടിക്കില്ലെങ്കിലും ആർക്കില്ലെങ്കിലും സ്വന്തം നിലപാട് പറയുകയെന്നത് ഒരു പൗരന്റെ അവകാശമാണ്.
അതിന് ഞാൻ എന്ത് ചെയ്യുന്നു എന്നതു പോലും ആരുടെയും കാര്യമല്ല. ഒരു സിനിമ എന്നത് അത് സൃഷ്ടിക്കുന്നവരും എഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും ഉൾപ്പടെ എല്ലാവരും ചേരുന്നതാണ്.
ആ കഥാപാത്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാവരും ബാധ്യസ്ഥര്യമാണ്. ഒരു പൗരനെന്ന നിലയിൽ അതിനോട് പ്രതികരിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. അതൊന്നും ആരുടെയും ഔദാര്യമല്ല.
വാസു അല്ല, വികാസ് ആണ് എന്റെ ഭർത്താവ്: മന്യ
താൻ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്നു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മന്യ. വാസു അണ്ണനെ സൂക്ഷിക്കണമെന്നും മന്യ പ്രതികരണത്തിൽ പറയുന്നു.
കുഞ്ഞിക്കൂനനിൽ ദിലീപ് അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളിൽ ഒന്ന് പ്രസാദ് എന്ന കോളജ് വിദ്യാർഥി ആയിരുന്നു. പ്രസാദിന്റെ കാമുകിയുടെ വേഷമാണ് ചിത്രത്തിൽ മന്യ അവതരിപ്പിച്ചത്.
എന്നാൽ, മന്യയുടെ പ്രിയലക്ഷ്മി എന്ന കഥാപാത്രത്തെ സായ് കുമാർ അവതരിപ്പിച്ച ഗരുഡൻ വാസു എന്ന ഗുണ്ട കൊലപ്പെടുത്തുകയാണ്.
ഇതിനെയാണ് ഇരുവരും വിവാഹിതരായെന്ന മട്ടിൽ ട്രോളന്മാർ പുനരവതരണം നടത്തിയത്. 2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്.
വിവാഹശേഷം മന്യ അഭിനയരംഗത്തു നിന്നു വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇരുവരും താമസിക്കുന്നത്. ജോക്കർ, വക്കാലത്ത് നാരായണൻ കുട്ടി, രാക്ഷസരാജാവ്, അപരിചിതൻ, സ്വപ്നക്കൂട് തുടങ്ങിയ മലയാള സിനിമകളിൽ മന്യ വേഷമിട്ടിട്ടുണ്ട്.