തിരുവനന്തപുരം: കളക്ടർ കെ.വാസുകി ഐഎഎസ് നീണ്ട അവധിയിൽ പ്രവേശിച്ചത് സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളേതുടർന്നെന്ന് സൂചന. ആറു മാസത്തേക്കാണ് കളക്ടർ അവധിയെടുത്തിരിക്കുന്നത്.
വാസുകി തന്നെയായിരുന്നു അവധി വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കളക്ടറും സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നേരത്തെ മുതൽ വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് വാസുകി അപ്രതീക്ഷിത അവധിയിൽ പ്രവേശിക്കൽ നടപടിയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരത്തെ ജനങ്ങൾക്കുള്ള വിടവാങ്ങൽ സന്ദേശം എന്ന വരികളോടെയായിരുന്നു വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ ചുമതല വഹിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും ഇതുവരെ നൽകിയ പിന്തുണകൾക്ക് നന്ദിയെന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.
സർക്കാരിന്റെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയോട് കളക്ടർ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത മാലിന്യ സംസ്കരണം എന്ന നിലപാടായിരുന്നു വാസുകിക്ക്. ഇതുൾപ്പടെയുള്ള വിയോജിപ്പുകളാണ് അവധിക്ക് കാരണമെന്നാണ് വിവരം.
നേരത്തെ, പ്രളയ സമയത്തുൾപ്പെടെയുള്ള വാസുകിയുടെ ഇടപെടലുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.