ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനായി നടത്തിയ സംഗീതപരിപാടിയില്‍ തിരുവനന്തപുരം കളക്ടര്‍ വാസുകി നടത്തിയ പ്രസംഗം ഏറെ കയ്യടി നേടിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഒരാളെ പോലും ഒഴിവാക്കാതെയായിരുന്നു വാസുകിയുടെ പ്രസംഗം.
പ്രസംഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ നിറഞ്ഞ ഹര്ഷാരവമായിരുന്നു. പതിവ് പോലെ തമിഴ് കലര്‍ന്ന മലയാളത്തിലായിരുന്നു പ്രസംഗം. ഗായിക കെ.എസ് ചിത്ര, ശശി തരൂര്‍ എംപി, മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരും വേദിയിലുണ്ടായിരുന്നു.
എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് കളക്ടര്‍ പ്രസംഗം തുടങ്ങിയത്. ചിത്രാ മാഡത്തിന്റെ കുറല്‍ ഉള്ളപ്പോള്‍ എന്റെ കുറലിന്റെ ആവശ്യമില്ല എന്ന വാസുകിയുടെ വാക്കുകളെ സദസ് ചിരിയോടെയാണ് ഏറ്റെടുത്തത്. എന്ത് വെല്ലുവിളി വന്നാലും നേരിടാന്‍ സാധിക്കുമെന്ന് കേരളം കാണിച്ചുകൊടുത്തിട്ടുണ്ട്. അപ്പോള്‍ കേരളത്തിന് വേണ്ടി ഒരു ഓപോട്.
എനിക്ക് ഒരു പാട് നന്ദി പറയാനുണ്ട്. കളക്ടര്‍ക്ക് വേണ്ടി നിങ്ങള്‍ ഒരു പാട് ഓപ്പോട് പറഞ്ഞു. പക്ഷേ യഥാര്‍ത്ഥ ഹീറോസ് ഇവിടെയുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്, സബ് കലക്ടര്‍, അസിസ്റ്റന്റ് കലക്ടര്‍ എന്നിവരുടെ പ്രവര്‍ത്തനം വിലമതിക്കുന്നതാണെന്നും വാസുകി പറഞ്ഞു.
ഏറ്റവും വലിയ നന്ദി പറയേണ്ടത് നിങ്ങളെല്ലാവരോടുമാണ്. കാരണം ഓണമായിട്ടു കൂട്ടി 500 വോളണ്ടിയേഴ്സ് ഇവിടെ എത്തി. അമ്പത് പേരെയാണ് പ്രതീക്ഷിച്ചതെന്നും വാസുകി പറഞ്ഞു. എല്ലാ ജില്ലാ കളക്ടര്‍മാരുടെയും പേര് പറഞ്ഞായിരുന്നു വാസുകി നന്ദി പറഞ്ഞത്.