അടുത്ത കാലത്തായി ആരു കല്ലെടുത്ത് ആകാശത്തേക്ക് എറിഞ്ഞാലും വീഴുന്നത് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും ദേഹത്താണ്. നടന് അറസ്റ്റിലായാല്‍ അതു റിപ്പോര്‍ട്ട് ചെയ്താല്‍ റേറ്റിംഗ് കൂട്ടാനുള്ള വിദ്യ, ഡാം തുറന്നുവിടുന്നത് റിപ്പോര്‍ട്ട് ചെയ്താല്‍ അതിനും കല്ലേറ്… പത്രത്തില്‍ പരസ്യം ചെയ്താല്‍ കോടികള്‍ കൊയ്യാനുള്ള സൂത്രവിദ്യ… ഇങ്ങനെ പോകുന്നു സോഷ്യല്‍മീഡിയയിലെ ആരോപണങ്ങള്‍.
മാധ്യമപ്രവര്‍ത്തകരെ ജേര്‍ണലിസം കോഴ്സ് പഠിപ്പിക്കുന്ന തിരക്കിലാണ് മറ്റൊരുകൂട്ടം ഇന്റര്‍നെറ്റ് ജീവിതങ്ങള്‍. ഇനി സോഷ്യല്‍മീഡിയ കാലത്ത് ചില പുത്തന്‍ ‘സ്വയംവിശേഷണ’ ജേര്‍ണലിസ്റ്റുകള്‍ ഒരു വയോധികയെ സഹായിച്ച് ഉണ്ടായിരുന്ന ഉപജീവനമാര്‍ഗം കൂടി ഇല്ലാതാക്കിയ കഥ വായിക്കാം.
വസുമതിയമ്മ എന്ന എണ്പത്തേഴുകാരിയെ ആളുകള്‍ അറിയുന്നത് സോഷ്യല്മീഡിയയിലൂടെയാകും. ചാല മാര്‍ക്കറ്റില്‍ പപ്പടം വിറ്റ വല്യമ്മയെ താരമാക്കിയതും സോഷ്യല്‍മീഡിയ തന്നെയാണ്.
’25 പപ്പടം ഇരുപതു രൂപക്ക് വിറ്റിട്ടും ആരും വാങ്ങുന്നില്ല, ഈ അമ്മൂമ്മയെ നമുക്ക് സഹായിക്കാം’ എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച പപ്പട അമ്മൂമ്മയുടെ വിഡിയോ ഞൊടിയിടയില്‍ ജനങ്ങള്‍ ഏറ്റെടുത്തു. ആരും തിരിഞ്ഞു നോക്കാതെ പോകുന്ന വസുമതിയമ്മ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ താരമാവുകയും ചെയ്തു.
ഇത്രയും സോഷ്യല്‍മീഡിയയുടെ ശക്തി. ബാക്കിഭാഗം കഥ പൂരിപ്പിക്കുന്നത് എല്ലാവരും ചീത്തവിളിക്കുന്ന മാധ്യമങ്ങളാണ്. വസുമതിയമ്മയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയേണ്ടേ? അതു വസുമതിയമ്മയില്‍ നിന്ന് അറിയാം- എന്റെ കാര്യം ചിലര്‍ ക്യാമറയിലാക്കി പോയശേഷം ചിലര്‍ സഹായ വാഗ്ദാനങ്ങള്‍ നല്കി. ഇപ്പോള്‍ പപ്പടം വില്ക്കാന് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
വാര്‍ത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വില്‍ക്കുന്നത്? വീട്ടില്‍ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവര്‍ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി. ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണ്- വിഷാദത്തോടെ അവര്‍ പറയുന്നു.
സോഷ്യല്‍മീഡിയയില്‍ ആളാകാന്‍ വന്നവരൊക്കെ ക്യാമറയില്‍ ലൈവും നല്കി മൂടും തട്ടി സ്ഥലംവിട്ടു. വസുമതിയമ്മയ്ക്കും കുടുംബത്തിനും സഹായം ഒന്നും ലഭിച്ചില്ലെന്നുമാത്രം. ഏത് വിധേനയും ജോലി എടുത്ത് ജീവിക്കും, ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല- വസുമതിയമ്മ പപ്പടക്കെട്ടുമായി ചാലയിലേക്ക് യാത്ര തിരിക്കുമ്പോള്‍ പറയുന്നു.