കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാജസ്ഥാനിലെ ബിജെപി എന്നാൽ വസുന്ധര രാജെ സിന്ധ്യയായിരുന്നു. എന്നാൽ പുതിയ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ തെരഞ്ഞെടുക്കപ്പെട്ടതോടെ വസുന്ധര യുഗത്തിന് അന്ത്യമാകുകയാണ്.
കേഡർപാർട്ടിയെന്ന് അഭിമാനിക്കുന്ന ബിജെപിയെ അവസാനനിമിഷം വരെ വട്ടംകറക്കിയശേഷമായിരുന്നു വസുന്ധരയുടെ പിന്മാറ്റം.
ലോക്സഭാംഗത്വം രാജിവയ്പിച്ച് മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വം കളത്തിലിറക്കിയ ബാബ ബാലക്നാഥിനെ മാറ്റിനിർ ത്താനും വസുന്ധരയ്ക്കായി. വസുന്ധരയുടെ നിർദേശപ്രകാരമാണ് ആദ്യ തവണ എംഎൽഎ ആയ ഭജൻ ലാൽ ശർമയെ ബിജെപി മുഖ്യമന്ത്രിയാക്കിയതെന്നാണു റിപ്പോർട്ട്. അടുത്ത തവണ കേന്ദ്രത്തിൽ ബിജെപി മന്ത്രിസഭയുണ്ടായാൽ മകൻ ദുഷ്യന്ത് സിംഗിനെ കേന്ദ്രമന്ത്രിയാക്കാമെന്ന ഉറപ്പും അവർ വാങ്ങിയിട്ടുണ്ടെന്നു സൂചനയുണ്ട്.
പകുതിയിലധികം എംഎൽഎമാരുടെ വ്യക്തമായ പിന്തുണയുള്ള വസുന്ധരയെ പിണക്കിയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടുമെന്നറിയാവുന്ന ബിജെപി വളരെ കരുതലോടെയാണ് സംസ്ഥാനത്ത് കരുക്കൾ നീക്കിയത്. മുൻ ബിജെപി അധ്യക്ഷനും കേന്ദ്ര പ്രതിരോധ മന്ത്രിയും വസുന്ധരയുമായി അടുപ്പമുള്ളയാളുമായ രാജ്നാഥ് സിംഗിനെയാണ് കേന്ദ്ര നിരീക്ഷകനായി സംസ്ഥാനത്തേക്ക് അയച്ചത്.
1984ൽ രാഷ്ട്രീയത്തിലെത്തിയ വസുന്ധര ബിജെപിയുടെ ശൈശവ ദശയിൽ അതിന്റെ ദേശീയ എക്സിക്യൂട്ടിവിലെത്തി. യുവമോർച്ചയുടെ ഉപാധ്യക്ഷയായി നേരത്തെ രാജസ്ഥാൻ രാഷ്ട്രീയത്തിലും വസുന്ധര തന്റെ വരവറിയിച്ചിരുന്നു. 1998ൽ അധികാരത്തിലെത്തിയ വാജ്പേയ് സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു വസുന്ധര രാജെ.
പിന്നീട് 1999ൽ വാജ്പെയ് അധികാരത്തുടർച്ച നേടിയപ്പോൾ നാലുവർഷവും കേന്ദ്രമന്ത്രിയായി. 2003ൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിസഭാംഗമായിരുന്ന വസുന്ധരയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു.
1998ൽ കോൺഗ്രസ് വൻ വിജയം നേടുകയും അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ രാജസ്ഥാനിൽ ബിജെപിയുടെ എല്ലാമെല്ലാമായിരുന്ന ഭൈറോൺസിംഗ് ഷെഖാവത്ത് (മുൻ ഉപരാഷ്ട്രപതി) യുഗത്തിന് അന്ത്യം കുറിക്കപ്പെട്ടു. അതോടെ ദേശീയ രാഷ്ട്രീയത്തിലുണ്ടായിരുന്ന വസുന്ധരയെ ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു.
ബിജെപി സ്ഥാപക നേതാവായിരുന്ന വിജയരാജെ സിന്ധ്യയുടെ മകൾഎന്ന പരിഗണനയാണ് ബിജെപി വസുന്ധരയ്ക്ക് നൽകിയത്. ആയിരക്കണക്കിനു കോടിയുടെ ആസ്തി ഉണ്ടായിരുന്ന ഗ്വാളിയോർ രാജമാത വിജയരാജ സിന്ധ്യയാണ് ബിജെപി സ്ഥാപിച്ച നാളുകളിൽ ആളും അർഥവും നൽകി പാർട്ടിയെ സഹായിച്ചിരുന്നത്.
ഈ കടപ്പാടും വസുന്ധരയ്ക്ക് തുണയായി. 2003ലെ തെരഞ്ഞെടുപ്പിൽ 120 സീറ്റുമായി ബിജെപി വന്പൻ ജയം നേടി വസുന്ധര മുഖ്യമന്ത്രിയായി. പിന്നീടിങ്ങോട് സംസ്ഥാനത്ത് ബിജെപി എന്നാൽ വസുന്ധര ആയിരുന്നു. പക്ഷേ 2008 ലെ തെരഞ്ഞെടുപ്പിൽ വസുന്ധരയ്ക്ക് അടിപതറി.
2013ലെ തെരഞ്ഞെടുപ്പിൽ വന്പൻ വിജയം നേടി ബിജെപി ഭരണം തിരിച്ചു പിടിച്ചു. അപ്പോഴും വസുന്ധരയല്ലാതെ സംസ്ഥാനത്ത് ബിജെപിക്ക് മറ്റൊരു മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കാൻ പോലുമാവുമായിരുന്നില്ല.
എന്നാൽ ഭരണത്തുടർച്ച നേടുന്നതിൽ രണ്ടാംവട്ടവും അവർ പരാജപ്പെട്ടു. ഇത് അവർക്കുള്ള പ്രധാന മൈനസ് പോയിന്റായി.
വസുന്ധരയുടെ മകൻ ദുഷ്യന്ത് സിംഗ് വിദേശത്തു നിന്നു പഠനം കഴിഞ്ഞ് 2003ൽ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ബിജെപിയിൽ ചേർന്നു. 2004 മുതൽ തുടർച്ചയായി നാലു തവണ ബിജെപി എംപിയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 4.53 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ധോൽപൂർ രാജാവായ ഹേമന്ത് സിംഗാണ് വസുന്ധരയുടെ ഭർത്താവ്.